കേരളത്തിന്റെ സ്വപ്നപദ്ധതി; വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസും ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണിതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
‘വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണെന്ന സന്തോഷ വിവരം പങ്കുവയ്ക്കട്ടെ. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴയിലേക്കും അവിടെ നിന്ന് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിലൂടെ സ്വര്‍ഗംകുന്നിലേക്കും എത്തിയ ശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴ് കിലോമീറ്ററോളം വരുന്ന തുരങ്കത്തിന്റെ നിര്‍മാണം. തുരങ്കപാതയിലെത്താനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്ത് ദേശീയപാത 766ല്‍ നിന്ന് നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. കഴിഞ്ഞ ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചിരുന്നത്.
Source link



