തകർന്ന ദാമ്പത്യം, മകളുടെ രോഗം; വീണുപോകാതെ പൊരുതിക്കയറി: ഇന്ന് കോടികൾ വരുമാനമുള്ള സംരംഭക

ന്യൂഡൽഹി: ജീവിതം തകർന്നുപോയെന്ന് കരുതിയിടത്തുനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ഡൽഹി സ്വദേശിയായ അമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരുവശത്ത് തകർന്ന ദാമ്പത്യം, മറുവശത്ത് രോഗം ബാധിച്ച പിഞ്ചുകുഞ്ഞ്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ‘ഗൗര ആസ്ട്രോ പ്രെഡിക്ഷൻ’ എന്ന വലിയ സംരംഭം കെട്ടിപ്പടുത്ത ശ്വേത ഭരദ്വാജിന്റെ ജീവിതം ഇന്ന് ആയിരക്കണക്കിന് സ്ത്രീകൾക്ക് മാതൃകയാണ്.
ഭാരതീയ വിദ്യാഭവനിൽ നിന്ന് ജ്യോതിഷം പഠിച്ച ശ്വേത, ആദ്യം ഒരു ഐടി കമ്പനിയിൽ പ്രതിവർഷം 12 ലക്ഷം രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിനോദത്തിനായി ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്നു. തന്റെ പ്രവചനങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു. പറയുന്ന പ്രവചനങ്ങളിൽ കൃത്യത പുലർത്തുന്നുവെന്ന് മനസിലായപ്പോഴാണ് ജ്യോതിഷം ഗൗരവമായി എടുക്കാൻ ശ്വേത തീരുമാനിച്ചത്. ഭർത്താവിന്റെ പിന്തുണയോടെ തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലം കൊണ്ട് 50 ലക്ഷം രൂപയോളം വാർഷിക വരുമാനം നേടുന്ന നിലയിലേക്ക് വളർന്നു. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല.
മകൾ ഗൗരയുടെ ജനനത്തിന് പിന്നാലെ ശ്വേതയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ ഭർത്താവ് ശ്വേതയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സാമ്പത്തികമായും മാനസികമായും തകർന്ന ശ്വേത പിന്നീട് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അവിടെയും പ്രതിസന്ധികൾ അവസാനിച്ചില്ല. പ്രസവത്തിന് പിന്നാലെ ശ്വേതയ്ക്ക് രണ്ട് പ്രധാന ശസ്ത്രക്രിയകൾക്ക് കൂടി വിധേയയാകേണ്ടി വന്നിരുന്നു.
ഇതിനിടയിൽ 14കാരിയായ മകൾ രോഗം ബാധിച്ച് വെന്റിലേറ്ററിലുമായി. ആറോളം ആശുപത്രികളിലായി തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി ശ്വേത അലഞ്ഞു. അമ്മ നൽകിയ പിന്തുണയും സ്വന്തം ആത്മവിശ്വാസവുമാണ് ആ ഘട്ടത്തിൽ ശ്വേതയ്ക്ക് താങ്ങായത്. മകൾ ജീവിതത്തിലേക്ക് മടങ്ങിവന്നതോടെ ശ്വേത തന്റെ കരിയർ വീണ്ടും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. മകളുടെ പേരിൽ ഗൗര ആസ്ട്രോ പ്രെഡിക്ഷൻ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. ജ്യോതിഷം, ടാരറ്റ് കാർഡ് റീഡിംഗ്, സംഖ്യാശാസ്ത്രം എന്നിവയിൽ അവർ പ്രാവീണ്യം തെളിയിച്ചു.
ഇന്ന് ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ശ്വേതയ്ക്ക് ഭീമൻ ക്ലയന്റ് ബേസ് ഉണ്ട്. ഓൺലൈൻ വഴി ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും ശ്വേതയുടെ സേവനം ലഭ്യമാണ്. വെറും വരുമാന മാർഗം എന്നതിലുപരി, തന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു ശ്വേതയ്ക്ക് ജ്യോതിഷം.
Source link



