എഐ സമ്മിറ്റ് പ്രതിഷേധം: യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരത് മണ്ഡപത്തിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇംപാക്ട് സമ്മിറ്റ് വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി നാല് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
പ്രതിഷേധത്തിന്റെ മുഖ്യ ആസൂത്രകൻ ഉദയ് ഭാനുവാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയത് ഉദയ് ഭാനുവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ മറ്റ് പ്രതികൾ ജമ്മു, അമേഠി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനും ഗൂഢാലോചനയുടെ പങ്ക് മനസിലാക്കുന്നതിനും കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് ആരോപിച്ചു.
പൊലീസ് കസ്റ്റഡി അനുവദിക്കണമെന്ന ആവശ്യം പ്രതിഭാഗം അഭിഭാഷകൻ ശക്തമായി എതിർത്തിരുന്നു. അന്വേഷണവുമായി ഉദയ് ഭാനു സഹകരിക്കുന്നുണ്ടെന്നും ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന് ഉപയോഗിച്ച ടി-ഷർട്ടുകൾ എവിടെയാണ് അച്ചടിച്ചത് എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഉദയ് ഭാനു മൊഴി നൽകി. കസ്റ്റഡിയിൽ എടുക്കാതെ തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ഭാരത് മണ്ഡപത്തിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. കേന്ദ്ര സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ടി-ഷർട്ടുകൾ ധരിച്ചെത്തിയ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
TAGS: NEWS 360, NATIONAL, NATIONAL NEWS, UDAYA BHANU CHIB, LATESTNEWS, CUSTODY, CONGRESS
Source link


