സിംബാബ്വെയെ പിടിച്ചുകെട്ടാൻ സഞ്ജു എത്തുമോ? ഇന്ത്യൻ ടീമിൽ പ്ലാൻ ബി, മാറ്റങ്ങൾ ഇങ്ങനെ

ചെന്നൈ: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ അപ്രതീക്ഷിത തോൽവി ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചത് ഒരു ‘ഡിജാ വു’ അനുഭവമാണ്. 2023 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റ തോൽവിയുടെ ഓർമ്മകൾ ഉണർത്തുന്നതായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർച്ച. അന്ന് ഫൈനലിൽ 18 റൺസിന് പുറത്തായ നായകൻ സൂര്യകുമാർ യാദവ് ഇത്തവണയും അതേ സ്കോറിന് പുറത്തായത് യാദൃശ്ചികമായി. ഇതോടെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമാവുകയും സെമി ഫൈനൽ സാധ്യതകൾക്ക് കരിനിഴൽ വീഴുകയും ചെയ്തു.
വ്യാഴാഴ്ച ചെന്നൈയിൽ സിംബാബ്വെക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മലയാളി താരം സഞ്ജു വിന്റെ തിരിച്ചുവരവാണ്. മത്സരങ്ങളിൽ തുടർച്ചയായി നേരിടുന്ന ബാറ്റിംഗ് തകർച്ച പരിഹരിക്കാൻ സഞ്ജുവിനെ ഓപ്പണിംഗിലോ ടോപ്പ് ഓർഡറിലോ ഇറക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ഓപ്പണർമാർ പതറുന്ന കാഴ്ചയായായിരുന്നു കണ്ടത്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഡക്കിന് പുറത്തായപ്പോൾ, സിംബാബ്വെയുടെ സിക്കന്ദർ റാസയെപ്പോലുള്ള സ്പിന്നർമാരെ നേരിടാൻ ഒരു വലംകൈയ്യൻ ബാറ്ററുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇവിടെയാണ് സഞ്ജുവിന്റെ പ്രസക്തി.
നമീബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വെറും എട്ട് പന്തിൽ നിന്ന് 22 റൺസ് നേടി സഞ്ജു തന്റെ വെടിക്കെട്ട് ഫോം തെളിയിച്ചിരുന്നു. ചെന്നൈയിലെ സ്പിൻ പിച്ചിൽ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുമെന്നാണ് കരുതുന്നത്. സഞ്ജു ഓപ്പണറായാൽ ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് മാറും. മോശം ഫോമിലുള്ള തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്താനാണ് സാധ്യത. ഇടംകൈയ്യൻ വലംകൈയ്യൻ കോമ്പിനേഷൻ നിലനിർത്താൻ സഞ്ജുവിന്റെ വരവ് സഹായിക്കും.
ദക്ഷിണാഫ്രിക്കൻ നിരയിൽ ഇടംകൈയ്യൻമാർ കൂടുതലായതിനാലാണ് വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയത്. എന്നാൽ സിംബാബ്വെ നിരയിൽ വലംകൈയ്യൻമാർ കൂടുതലുള്ളതിനാൽ അക്സർ പട്ടേിലിനെ ടീമിൽ ഉൾപ്പെടുത്തും. കൂടാതെ, വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള കുൽദീപ് യാദവിനെ കൂടി ഉൾപ്പെടുത്തി സ്പിൻ കരുത്ത് വർദ്ധിപ്പിക്കാനും ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. തോൽവികളിൽ പരിഭ്രാന്തരാകാതെ കൃത്യമായ തന്ത്രങ്ങളുമായി മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്താൻ കഴിയൂ. ചെന്നൈയിലെ മത്സരത്തിൽ മലയാളി താരം സഞ്ജു പ്ലേയിംഗ് ഇലവനിൽ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Source link



