LATEST

രാജാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി, പ്രതിമ സ്ഥാപിച്ചത് കൊളൊണിയൽ ശേഷിപ്പുകൾ തൂത്തെറിയാൻ: മോദി

എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമ എടുത്തുമാറ്റി

ന്യൂ‌ഡൽഹി: രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമ എടുത്തുമാറ്റി സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചത് കൊളൊണിയൽ ശേഷിപ്പുകൾ തൂത്തെറിയുന്നതിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. ഇതുസംബന്ധിച്ച എക്‌സ് പോസ്റ്റ് ഷെയർ ചെയ്‌തു കൊണ്ടാണ് മോദിയുടെ പ്രതികരണം. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭാരതീയ ഗവർണർ ജനറലായ സി. രാജഗോപാലാചാരി പണ്ഡിതനും,സ്വാതന്ത്ര്യ സമര സേനാനിയും,ചിന്തകനും,മികച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സമഗ്രത, ബുദ്ധിശക്തി, രാഷ്ട്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു. രാഷ്ട്രപതി ഭവനിൽ രാജാജി ഉത്സവവും സംഘടിപ്പിക്കുന്നു. അദ്ദേഹം രാഷ്ട്രത്തിന് നൽകിയ സംഭാവനകളുടെ വ്യത്യസ്ത വശങ്ങൾ കാണിച്ചുതരുന്ന പ്രത്യേക പ്രദർശനം അമൃത് ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പൗരന്മാരും ഇതു കാണാനെത്തണമെന്നും മോദി അഭ്യർത്ഥിച്ചു. ഇന്ന് മുതൽ മാർച്ച് 1 വരെയാണിത്.

നടപടികളുടെ തുടർച്ചയെന്ന് രാഷ്ട്രപതി

രാഷ്ട്രപതി ഭവനിലെ അശോക് മണ്ഡപത്തിന് സമീപത്താണ് രാജാജിയുടെ പ്രതിമ സ്ഥാപിച്ചത്. കൊളോണിയൽ മനോഭാവത്തിന്റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കി ഇന്ത്യൻ സംസ്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടർച്ചയാണിതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, രാജാജിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജാജി ഉത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്‌തു.


Source link

Related Articles

Back to top button