LATEST

വാനോളം വിൻഡീസ്

സിംബാബ്‌വേയ്ക്ക് എതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം

ഹെറ്റ്മേയർക്കും (85), റോവ്മാൻ പവലിനും (59 ) അർദ്ധസെഞ്ച്വറി

മുംബയ് : വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ സിംബാബ്‌വേയ്ക്ക് എതിരെ 107 റൺസിന്റെ വിജയം നേടി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റുചെയ്ത് 254/6എന്ന സ്കോർ ഉയർത്തിയശേഷം സിംബാബ്‌വേയെ 17.4ഓവറിൽ 147 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു മുൻ ചാമ്പ്യന്മാർ. തകർപ്പൻ അർദ്ധസെഞ്ച്വറികൾ നേടിയ ഷിമ്രോൺ ഹെറ്റ്മേയറുടേയും (34 പന്തുകളിൽ ഏഴുവീതം ഫോറും സിക്സുമടക്കം 85 റൺസ്) റോവ്മാൻ പവലിന്റേയും (35 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 59 റൺസ്) മികവിലാണ് വിൻഡീസ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറിലെത്തിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വേയെ നാലുവിക്കറ്റ് വീഴ്ത്തിയ ഗൂഡാകേഷ് മോട്ടിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അകീൽ ഹൊസൈനും ചേർന്നാണ് തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് 5.5 ഓവറിൽ 54 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ബ്രാൻഡൻ കിംഗിനെയും (9), ഷായ് ഹോപ്പിനെയും (14) വിൻഡീസിന് നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഹെറ്റ്മേയറും പവലും ചേർന്ന് കൂട്ടിച്ചേർത്ത 122 റൺസ് വിൻഡീസിന് കരുത്തായി.ഇരുവരും പുറത്തായശേഷം ഷെർഫാനേ റൂതർഫോഡ് (31 നോട്ടൗട്ട്), റൊമാരിയോ ഷെപ്പേഡ് (21) എന്നിവർ ചേർന്ന് 250 കടത്തി. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇന്നലെ വിൻഡീസ് നേടിയത്.

മറുപടിക്കിറങ്ങിയ സിംബാബ്‌വേ2.4 ഓവറിൽ 20/3 എന്ന നിലയിലായി.മറുമാണി (14), ബ്രയാൻ ബെന്നെറ്റ് (5),റയാൻ ബേൾ(0) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലേ നഷ്ടമായത്. പിന്നീട് ഡിയോൺ മയേഴ്സ് (28),ക്യാപ്ടൻ സിക്കന്ദർ റാസ (27),ബ്രാഡ് ഇവാൻസ് (43) എന്നിവർ പൊരുതിയെങ്കിലും മോട്ടിയുടെ മാന്ത്രിക സ്പിന്നിന് മുന്നിൽ വിക്കറ്റുകൾ തുരുതുരാ വീണു.ഇവാൻസിന്റെ അവസാന സമയത്തെ ആളിക്കത്തലാണ് 100 കടത്തിയത്.

വിൻഡീസ് വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയേയും സിംബാബ്‌വേ അന്നുതന്നെ ഇന്ത്യയേയും നേരിടും.

19

പന്തുകളാണ് ഹെറ്റ്മേയർക്ക് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞപന്തുകളിലെ അർദ്ധസെഞ്ച്വറി. കഴിഞ്ഞ ദിവസം സ്കോട്ട്ലാൻഡിനെതിരെ 22 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച റെക്കാഡാണ് തിരുത്തിയത്.

219

റൺസാണ് ഇതുവരെ ഈ ലോകകപ്പിൽ ഹെറ്റ്മേയർ നേടിയത്. രണ്ട് അർദ്ധസെഞ്ച്വറികൾ. റൺവേട്ടയിൽ രണ്ടാം സ്ഥാനം.


Source link

Related Articles

Back to top button