തകര്‍ന്ന് വീണത് പൊളിക്കാനിരുന്ന കെട്ടിടം; വലിയങ്ങാടി അപകടത്തില്‍ മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ നാലായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിനോദ് (55) ആണ് മരിച്ചത്. തിരുവങ്ങൂര്‍ സ്വദേശിയാണ്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് നേരത്തെ മരിച്ച മൂന്ന് പേര്‍.
കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് മാറ്റാനിരിക്കുകയായിരുന്നു. എന്നാല്‍ കെട്ടിടം ഒഴിയാന്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് നോട്ടീസ് ഒന്നും തന്നെ പുറപ്പെടുവിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികള്‍ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നു.
കെട്ടിടം ഒഴിയണമെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും ചില വ്യാപാരികള്‍ അത് അവഗണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അപകട മുന്നറിയിപ്പ് ബോര്‍ഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മേയര്‍ അറിയിച്ചു. വീഴ്ചകള്‍ പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയങ്ങാടിയിലെ തൊളിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അപകടത്തില്‍ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.
Source link



