LATEST

ട്രെയിനിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചു; യു.പി സ്വദേശിക്കെതിരെ കേസ്

കൊച്ചി: പട്നയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിലെ റിസർവേഷൻ കോച്ചിൽ നിന്ന് ഉടമയില്ലാത്ത നിലയിൽ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. റെയിൽവേ പൊലീസിന്റെ ക്രൈംസ്ക്വാഡിന്റെ പരിശോധനയിലാണ് ഇവയടങ്ങിയ ബാഗ് കണ്ടെത്തിയത്. എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ ലൈസൻസുള്ള തോക്കാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയകന്നു. തോക്കിന്റെ ലൈസൻസിയായ യു.പി സ്വദേശിക്കെതിരെ കേസെടുത്തു.

ഇന്നലെ വൈകിട്ട് 3.20ന് എറണാകുളം ജംഗ്ഷനിലെത്തിയ പട്ന എക്സ്‌പ്രസ് ട്രെയിനിന്റെ എസ് 6 റിസർവേഷൻ കോച്ചിലെ നമ്പർ 33 ബെർത്തിനടിയിൽ നിന്നാണ് ബാഗ് കിട്ടിയത്. പാലക്കാട് നിന്ന് ട്രെയിനിൽ കയറിയ ക്രൈംസ്ക്വാഡ് അംഗങ്ങൾ തൃശൂർ കഴിഞ്ഞപ്പോഴാണ് ബാഗ് പരിശോധിച്ചത്. ഇരട്ടക്കുഴൽ തോക്കും ഒറ്റക്കുഴൽ തോക്കും ഉൾപ്പെടെ രണ്ട് തോക്കുകളും 10 റൗണ്ട് വെടിയുണ്ടയടങ്ങിയ പൗച്ചുമാണ് ബാഗിലുണ്ടായിരുന്നത്. തോക്കുകളുടെ കുഴലും പാത്തിയും ഊരി വേർതിരിച്ചാണ് വെച്ചിരുന്നത്. ബാഗിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ട്രെയിൻ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം സൗത്ത് സ്റ്റേഷൻ വരെ ക്രൈംസ്ക്വാഡ് രഹസ്യനിരീക്ഷണം തുടർന്നു.

ട്രെയിൻ സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ തോക്കുകളും വെടിയുണ്ടകളും റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ആർമറുടെ സഹായത്തോടെ പരിശോധിച്ച് വിരലടയാളം ശേഖരിച്ചു. ഇതിനിടെ പൗച്ചിൽ പേര് കണ്ട പൊന്നുരുന്നിയിലെ ലോജിസ്റ്റിക്സ് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ജീവനക്കാരൻ ലക്‌നൗ സ്വദേശി രമേഷ് കുമാറിന്റേതാണ് തോക്കെന്ന് സ്ഥിരീകരിച്ചു. സ്വർണവും വജ്രവും കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്. രാത്രിയോടെ രമേശ് കുമാർ റെയിൽവെ പൊലീസിന് മുമ്പാകെ ഹാജരായി യു.പിയിൽ നിന്നുള്ള തോക്ക് ലൈസൻസ് ഹാജരാക്കി. പൊലീസിന്റെ പരിശോധനയ്ക്കിടെ കോച്ചിൽ ഇല്ലാതിരുന്നത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേസെടുത്ത് നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു. ലൈസൻസിന്റെ ആധികാരികത ഉറപ്പാക്കാൻ ലക്‌നൗ കമ്മിഷണറുമായി ബന്ധപ്പെടും. എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലാണ് തുട‌ർനടപടികൾ.


Source link

Related Articles

Back to top button