പ്രണയവിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ സർക്കാർ

ഗാന്ധിനഗർ: ഗുജറാത്തിലെ വിവാഹങ്ങൾക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം താമസിയാതെ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. ഗുജറാത്ത് വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുപ്രകാരം വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതായി വധൂവരന്മാർ പ്രഖ്യാപിക്കേണ്ടി വരും. മാത്രമല്ല, രജിസ്ട്രേഷൻ സമയത്ത് അധികൃതർ വിവരം വധൂവരന്മാരുടെ മാതാപിക്കളെ അറിയിക്കുകയും വേണം.
ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹർഷ് സാംഘവിയാണ് പുതിയ നിയമത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നിഷ്കളങ്കരായ പെൺകുട്ടികൾ കെണിയിലാവുകയാണെന്നും സർക്കാരിന് വെറുതെ നോക്കിനിൽക്കാനാവില്ലെന്നും ഹർഷ് സാംഘവി വ്യക്തമാക്കി.
ഉപമുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ച കരട് നിയമങ്ങൾ അനുസരിച്ച്, ഓരോ വിവാഹ രജിസ്ട്രേഷൻ അപേക്ഷയും വധൂവരന്മാർ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവനയോടൊപ്പമാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ മുമ്പാകെ സമർപ്പിക്കേണ്ടത്. അപേക്ഷകർ അവരുടെ മാതാപിതാക്കളുടെ പേരുകൾ, വിലാസങ്ങൾ, ആധാർ വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയും നൽകേണ്ടതുണ്ട്.
അസിസ്റ്റന്റ് രജിസ്ട്രാർ അപേക്ഷയിൽ തൃപ്തനായിക്കഴിഞ്ഞാൽ, പത്ത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇരു കക്ഷികളുടെയും മാതാപിതാക്കളെ അറിയിക്കും. തുടർന്ന് അപേക്ഷ ബന്ധപ്പെട്ട ജില്ലയിലെയോ താലൂക്കിലെയോ രജിസ്ട്രാർക്ക് അയയ്ക്കുകയും എല്ലാ ആവശ്യകതകളും നിറവേറ്റുകയാണെങ്കിൽ 30 ദിവസത്തിനുശേഷം വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്യും. ഇതിനായി ഒരു സർക്കാർ പോർട്ടലിലേക്കും വിശദാംശങ്ങൾ അപ്ലോഡ് ചെയ്യേണ്ടതായി വരും. പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിരുന്നു. അതിനാൽതന്നെ ഗുജറാത്ത് സർക്കാരിന്റെ പുതിയ നീക്കത്തിൽ വിമർശനങ്ങൾ ഉയരുകയാണ്.
Source link



