LATEST

‘ചെന്നൈയിൽ സഞ്ജു ഔട്ട് അല്ല ഇൻ’, സൂചന നൽകി​ സഹ പരിശീലകൻ

അഹമ്മദാബാദ്: 2024ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ഇന്ത്യയ്ക്ക് ചുട്ടമറുപടി നൽകുന്ന പ്രകടനമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക കാഴ്ചവച്ചത്. 76 റൺസിനാണ് പ്രോട്ടീസിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു.

മൂന്ന് വിക്കറ്റുകൾ നേരത്തെ നഷ്ടമായെങ്കിലും ഡേവിഡ് മില്ലറും (63), ഡെവാൾഡ് ബ്രെവിസും (43) ചേർന്നുള്ള 97 റൺസിന്റെ കൂട്ടുകെട്ട് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (24 പന്തിൽ 44) ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് ബൗളിംഗിൽ ഇന്ത്യയ്ക്കായി പുറത്തെടുത്തത്. അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരിക്കൽ പോലും കൃത്യമായ താളം കണ്ടെത്താനായില്ല. ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഇന്ത്യ 111 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൻ നാല് വിക്കറ്റുകൾ വീഴ്ത്തി.

മികച്ച പ്രകടനം പുറത്തെടാക്കാൻ കഴിയാതെ തുടർച്ചയായി ക്രീസിൽ നിന്നും പവലിയനിലേക്ക് മടങ്ങുന്ന യുവതാരങ്ങളായ അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും പകരമായി മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മത്സരത്തിനുശേഷം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റും സഞ്ജു തിരിച്ചെത്തുമെന്ന സൂചന നൽകുന്നുണ്ട്.

വരും ദിവസങ്ങളിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സെമി ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ഫെബ്രുവരി 26ന് സിംബാബ്‌വെക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.


Source link

Related Articles

Back to top button