LATEST

ഉച്ചകോടിയിലെ പ്രതിഷേധം,​ കോൺഗ്രസ് രാജ്യത്തെ നാണം കെടുത്തുന്നു: മോദി

ന്യൂഡൽഹി: എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തക‌ർ ഷർട്ടൂരി പ്രതിഷേധിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് രാജ്യത്തെ നാണംകെടുത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇവിടെയുള്ള ചില രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ത്യ വിജയകരമായി മുന്നോട്ടുപോകുന്നത് സഹിക്കാനാകുന്നില്ല. ലോകത്തെ ഏറ്റവും വലിയ എ.ഐ ഉച്ചകോടിക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പക്ഷേ കോൺഗ്രസ് ആഗോള പരിപാടിയെ വൃത്തികെട്ട രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. അതിഥികൾക്കുമുമ്പിൽ നഗ്നരായെത്തി. ഇപ്പോൾ തന്നെ നഗ്‌നരാണ് കോൺഗ്രസ്. ആ സാഹചര്യത്തിൽ വസ്ത്രമൂരേണ്ടതിന്റെ ആവശ്യമെന്തായിരുന്നു? അവരുടെ നേതാക്കൾ പ്രതിഷേധക്കാർക്ക് കൈയടിക്കുകയാണ്. രാജ്യത്തെ മുത്തശ്ശി പാർട്ടി പ്രത്യയശാസ്ത്രപരമായി എത്രമാത്രം അധഃപതിച്ചുവെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് തന്നോട് വെറുപ്പാണ്. ഉച്ചകോടി ബി.ജെ.പി പരിപാടിയല്ല,​ രാജ്യം സംഘടിപ്പിച്ച പരിപാടിയാണ്. കോൺഗ്രസിന്റെ പ്രവൃത്തിയെ രാജ്യം മുഴുവൻ അപലപിക്കുന്നു. ഉത്തർപ്രദേശിലെ മീറ്ററിൽ ഡൽഹിക്കും മീററ്റിനുമിടയിലെ നമോ ഭാരത് റാപ്പിഡ് റെയിൽ ലിങ്ക് അടക്കം ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു മോദി. ഫെബ്രുവരി 20ന് ഉച്ചകോടി വേദിയിൽ നടന്ന പ്രതിഷേധത്തിൽ നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇന്ത്യ-യു.എസ് കരാറിനെതിരെയും മോദിക്കെതിരെയും മുദ്രാവാക്യം മുഴക്കി.

മാദ്ധ്യമങ്ങൾ കുടപിടിക്കരുത്

വിയോജിക്കുന്ന പ്രതിപക്ഷത്തെ മോദി ആക്രമിക്കുന്നുവെന്ന് മാദ്ധ്യമങ്ങൾ തലക്കെട്ട് ചമയ്‌ക്കരുത്. അത് കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾക്ക് രക്ഷയാകുകയേയുള്ളൂ. മറ്രൊരു പ്രതിപക്ഷ പാർട്ടിയും നാണംകെട്ട പ്രവൃത്തി ചെയ്‌തിട്ടില്ല. കോൺഗ്രസ് രാജ്യത്തിന് ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയാകണമെങ്കിൽ ആദ്യം ജനങ്ങളുടെ ഹൃദയമാണ് കീഴടക്കേണ്ടതെന്ന് രാഹുൽ ഗാന്ധിയെ കുത്തി മോദി പറഞ്ഞു.

 ഉച്ചകോടി

വഴിത്തിരിവ്

ഭാവിയിൽ ലോകം നിർമ്മിതബുദ്ധിയുടെ ശക്തി എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന പാതയിലെ നിർണായക വഴിത്തിരിവായിരുന്നു എ.ഐ ഉച്ചകോടിയെന്ന്, ‘മൻ കി ബാത്തിൽ’ മോദി പറഞ്ഞു. ഭാരതം മുന്നോട്ടുവച്ച രണ്ട് ഉത്പന്നങ്ങൾ ലോകനേതാക്കളെയടക്കം ആകർഷിച്ചു. ആദ്യ ഉത്പന്നം അമുലിന്റെ ബൂത്തിലായിരുന്നു. മൃഗങ്ങളുടെ ചികിത്സയ്‌ക്ക് എ.ഐ എങ്ങനെ സഹായിക്കുന്നുവെന്നും, എ.ഐ സഹായത്തോടെ കർഷകർ അവരുടെ പാലുത്പന്നങ്ങളുടെയും കന്നുകാലികളുടെയും കണക്കെടുക്കുന്നതെങ്ങനെയെന്നും വിശദീകരിച്ചു.

രണ്ടാമത്തെ ഉത്പന്നം ഭാരത സംസ്‌കാരവുമായി ബന്ധപ്പെട്ടതായിരുന്നു. എ.ഐയുടെ സഹായത്തോടെ പുരാതന ഗ്രന്ഥങ്ങൾ, പുരാതന അറിവുകൾ, കൈയെഴുത്തുപ്രതികൾ എന്നിവ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ട് ലോക നേതാക്കൾ അദ്ഭുതപ്പെട്ടു. മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ എ.ഐ മോഡലുകളും അവതരിപ്പിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എ.ഐ ഉച്ചകോടിയാണ് സംഘടിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ജാഗ്രത പാലിക്കണമെന്ന് വീണ്ടും ഓർമ്മപ്പെടുത്തി. റംസാൻ പുണ്യമാസം,​ ഹോളി ആഘോഷം തുടങ്ങിയവയ്‌ക്ക് ആശംസകളും നേർന്നു.


Source link

Related Articles

Back to top button