ജമാ അത്ത് ഇസ്ലാമി മുഖ്യധാരയിലേക്ക് വരുന്നത് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അപകടകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ജമാ അത്ത് ഇസ്ലാമി- മുസ്ലിം ലീഗ് ഭരണമായിരിക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വന്നാൽ ജമാ അത്ത് ഇസ്ലാമി- ലീഗ് ഭരണം ആയിരിക്കുമെന്ന് നൂറുശതമാനം ഉറപ്പാണ്. കോൺഗ്രസിനെ ഇന്ന് സൈദ്ധാന്തികമായി കൺ്ട്രോൾ ചെയ്യുന്നത് ജമാ അത്ത് ഇസ്ലാമിയുടെ കാശാണ്. ജമാ അത്ത് മാറി എന്ന് കോൺഗ്രസ് പറയുന്നു. ഈ സർട്ടിഫിക്കറ്റ് ആരുകൊടുത്തു. ജമാ അത്തല്ലെ ബംഗ്ലാദേശിൽ ആളുകളെ കൊല്ലുന്നത്. അവർ വിശ്വസിക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിലാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാ അത്ത് ഇസ്ലാമി ഭരണത്തിന്റെ ഒരു വലിയ ഭാഗം ആകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരസ്യമായി ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചു. അവർ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വരാൻ പാടില്ല. അവരുടെ ചിന്തയും കാഴ്ചപ്പാടും ജനാധിപത്യത്തിന് അപകടകരമാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അപകടമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ബി.ജെ.പിക്ക് അന്തർധാരയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പിൽ 140 സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Source link


