‘ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയപ്പോൾ മലാശയം മുറിഞ്ഞു’; ഡോ. ബിന്ദു സുന്ദറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശുമരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ ഡോ. ബിന്ദു സുന്ദറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. നെടുമങ്ങാട് സ്വദേശിയായ ഹസ്‌ന ഫാത്തിമയാണ് (23) ഒരു വാർത്താ ചാനലിനോട് ദുരവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ 19ന് പ്രസവ ശസ്ത്രക്രിയക്കെത്തിയപ്പോഴുണ്ടായ അനുഭവമാണ് യുവതി പങ്കുവച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കായി ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിഞ്ഞുപോയെന്നും പ്രസവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തിരുന്നുവെന്നും യുവതി പറഞ്ഞു. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോ.ബിന്ദു അഹങ്കാരിയെന്ന് വിളിച്ചെന്നും 2000 രൂപ കൈക്കൂലി കൊടുത്തപ്പോഴാണ് മുറിവിൽ മരുന്നുവച്ചതെന്നും ഹസ്‌ന കൂട്ടിച്ചേർത്തു.
യുവതിയുടെ വാക്കുകൾ
മലാശയം മുറിഞ്ഞതിനെ തുടർന്ന് അഞ്ച് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. മലാശയം 2.7 സെന്റീമീറ്റർ മുറിഞ്ഞു. യാത്ര ചെയ്തതിനാലാണ് മുറിവുണ്ടായതെന്നാണ് ഡോ. ബിന്ദു പറഞ്ഞത്. ഒടുവിൽ ഗുരുതരാവസ്ഥയിലായപ്പോൾ മെഡിക്കൽ കോളേജിലേക്കു വിട്ടു. അവിടെ മാത്രം ആറ് ലക്ഷം രൂപ ചെലവായി. ചികിത്സയ്ക്കായി ഭർത്താവിന്റെ ഓട്ടോറിക്ഷ വിൽക്കേണ്ടി വന്നു, ലോണെടുത്തു. ശരീരത്തിനുപുറത്തുപിടിപ്പിച്ച ബാഗിലൂടെയാണ് ഇപ്പോൾ മലവിസർജനം.
കുഞ്ഞിനെ ഒന്നെടുക്കാൻ പോലും കഴിയില്ല. നൂലുകെട്ടും കാണാനായില്ല. ശസ്ത്രക്രിയയ്ക്കുവിധേയയായതോടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കു പോകാന്‍ തുടങ്ങി അതീവ ദുരിതാവസ്ഥയിലായി. ഇതിനു പരിഹാരമായി ‘സ്റ്റോമ ബാഗ്’ വയറിനുപുറത്ത് ഘടിപ്പിച്ച് വിസർജ്യവസ്തുക്കൾ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ജൂലായ് 30ന് സ്റ്റോമ ബാഗ് ശരീരത്തിൽ ഘടിപ്പിച്ചു. എന്നിട്ടും ജനനേന്ദ്രിയത്തിൽ കൂടി വിസർജ്യം പുറത്തുവരുന്നത് തുടർന്നു.
കുഞ്ഞിന് പാൽ കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് തുന്നൽ ഇട്ട ഭാഗത്ത് കൂടിയാണ് വിസർജ്യം പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, മുറിവ് ഉണങ്ങിയില്ല. പത്താംനാൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയപ്പോഴും ഈ അവസ്ഥയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ജൂലായ് 14ന് ഡോക്ടർ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. സിസേറിയൻ സമയത്ത് ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാക്കിയ മുറിവ് ഭേദമായാൽ അതുവഴി വിസർജ്യം പുറത്തുവരുന്നതു നിലയ്ക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് ബാഗ് മാറ്റുമ്പോൾ വിസർജ്യം സാധാരണരീതിയിൽ പുറത്തുപോകേണ്ടതാണ്. അതിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഒക്ടോബർ 22ന് പ്ലാസ്റ്റിക് സർജറി നടത്തി. എന്നാൽ അതും ഫലം ചെയ്തില്ല. തുടർന്ന് കുടലിന്റെ കൂടുതൽ ഭാഗം ശരീരത്തിന് പുറത്തു വയ്ക്കാനുള്ള ശസ്ത്രക്രിയ നവംബർ അഞ്ചിന് ചെയ്തു. 11ന് വീട്ടിൽ എത്തിയിട്ടും വേദന കുറഞ്ഞില്ല. ഡിസംബർ ആറിന് വീണ്ടും അഡ്മിറ്റ് ആയി. 23 വരെ ആശുപത്രിയിൽ തുടർന്നെങ്കിലും പരിഹാരമായില്ല.
ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും അതിന് മൂന്നുമാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറിന്റെ ഇടതുഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാൻ തുടങ്ങി. അസഹ്യമായ വേദന കാരണം കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി. ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.
Source link



