കോടതിയെ മറികടക്കാൻ ട്രംപിന്റെ ‘ പ്ലാൻ ബി”

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ‘പകരത്തീരുവ” നിയമ വിരുദ്ധമാണെന്നാണ് യു.എസ് സുപ്രീം കോടതിയുടെ ഉത്തരവ്. വിധിയെ മറികടക്കാനുള്ള ‘പ്ലാൻ ബി” അണിയറയിലുണ്ടെന്ന് ട്രംപ് പറയുന്നു. 15% ആഗോള തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. എന്താണ് കോടതി ഉത്തരവ് ? എങ്ങനെയാണ് ട്രംപ് മറികടക്കുന്നത്.
# സുപ്രീം കോടതി വിധി
യു.എസ് കോൺഗ്രസിന്റെ അംഗീകാരം തേടുന്നതിനുപകരം, എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് തീരുവകൾ പ്രഖ്യാപിച്ചത്. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐ.ഇ.ഇ.പി.എ) പ്രകാരമായിരുന്നു ട്രംപിന്റെ നീക്കം. യു.എസിന് പുറത്ത് നിന്നുള്ള അസാധാരണമായ ഭീഷണികളോട് പ്രതികരിക്കാൻ പ്രസിഡന്റുമാർക്ക് വിശാലമായ അധികാരം നൽകുന്നതാണ് ഐ.ഇ.ഇ.പി.എ. ട്രംപിന്റെ നടപടികൾ പ്രസിഡന്റിന്റെ അധികാരത്തിനും അപ്പുറമാണെന്ന് കോടതി കണ്ടെത്തി. അധികാരം കോൺഗ്രസിനാണെന്നും ചൂണ്ടിക്കാട്ടി.
# പിന്നോട്ടില്ല
തീരുവകൾ മറ്റ് നിയമങ്ങൾ പ്രകാരം ചുമത്തുമെന്ന് ട്രംപ്
ആദ്യ പടിയായി 15% ആഗോള തീരുവ പ്രഖ്യാപിച്ചു.
വ്യാപാര വിപുലീകരണ നിയമത്തിലെ (1962) സെക്ഷൻ 232, വ്യാപാര നിയമത്തിലെ (1974) സെക്ഷൻ 301 തുടങ്ങിയവ പ്രകാരം തീരുവകൾ ചുമത്താനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നു
# കോൺഗ്രസ് ആശ്രയം
ട്രംപിന്റെ തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ല. അധികാര പ്രയോഗത്തിന് കോൺഗ്രസിന്റെ അംഗീകാരമില്ലെന്നാണ് വ്യക്തമാക്കിയത്. തീരുവകൾ അംഗീകരിക്കാനുള്ള നിയമ നിർമ്മാണം കോൺഗ്രസിന് പാസാക്കാൻ കഴിയും.
പക്ഷേ, കാര്യങ്ങൾ എളുപ്പമല്ല. കോൺഗ്രസിന്റെ രണ്ട് സഭകളിലും (ജനപ്രതിനിധി സഭ, സെനറ്റ്) ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും നിയമം പാസാകുമെന്ന് ഉറപ്പുപറയാനാകില്ല. ജനപ്രതിനിധി സഭയിലെ മിതവാദികളായ ഒരു വിഭാഗം റിപ്പബ്ലിക്കൻമാർക്ക് വിമുഖതയുണ്ട്. നേരിയ ഭൂരിപക്ഷമുള്ള സെനറ്റിൽ ഇടഞ്ഞുനിൽക്കുന്നവരെ വരുതിയിലാക്കാൻ വിയർക്കും. പാർട്ടിയിൽ ട്രംപ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
# എല്ലാം നിയമ വിരുദ്ധമല്ല
സുപ്രീം കോടതി വിധി പകരത്തീരുവകൾക്ക് മാത്രമാണ് ബാധകം. പ്രത്യേക ഉത്പന്നങ്ങൾക്ക് മറ്റ് നിയമ പ്രകാരം ഏർപ്പെടുത്തിയ (ഉദാ: സെക്ഷൻ 232, സെക്ഷൻ 301) തീരുവകളെ ബാധിക്കില്ല. അതായത്, സ്റ്റീൽ, അലൂമിനിയം (50%), വാഹനങ്ങൾ, വാഹന ഭാഗങ്ങൾ (25%), ചെമ്പ് (50%) തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ തീരുവകൾ നിലനിൽക്കും.
Source link

