അവസാനം ചുരുളഴിയുന്നു; അന്യഗ്രഹജീവികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിടാൻ ട്രംപ്

വഷിംഗ്‌ടൺ: മനുഷ്യൻ എത്രതന്നെ കണ്ടുപിടിത്തങ്ങൾ നടത്തിയാലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ളത്. ഭൂമിക്ക് പുറത്ത് ശരിക്കും മറ്റൊരു ജീവൻ ഉണ്ടോ? അവ ഭൂമിയിൽ എത്തിയിട്ടുണ്ടോ? സിനിമയിൽ കാണുന്നപോലെയാണോ അവയുടെ രൂപം തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല. അന്യഗ്രഹ ജീവികളെ ചുറ്റി നിരവധി സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ടതാണ്. അമേരിക്കൻ സെെന്യവും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും കാലങ്ങളായി ഇക്കാര്യം പഠിക്കുന്നുണ്ടെന്നാണ് പറയുന്നത്.
അമേരിക്കൻ എയർഫോഴ്സിന്റെ നെവാഡയിലെ അതീവ സുരക്ഷാമേഖലയാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ പേടകം സൂക്ഷിച്ചിട്ടുണ്ടെന്ന തരത്തിൽ നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിവേഗത്തിൽ ആകാശത്തിലൂടെ പോകുന്ന വസ്തുക്കളെ ഇവിടെ കണ്ടിട്ടുണ്ടെന്നും അതിന്റെ വീഡിയോ ഉണ്ടെന്നും പലരും അവകാശപ്പെട്ടിരുന്നു. അമേരിക്കയിലെ നെവാഡയിൽ ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഇവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. ഏരിയ 51ലേക്ക് ആർക്കും പ്രവേശനമില്ല. ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത ഇവിടം ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലിറ്റിയാണെന്നാണ് സർക്കാർ പറയുന്നത്. ഇവിടെ അമേരിക്ക പിടിച്ചെടുത്ത പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നാണ് ചിലരുടെ വിശ്വാസം.
ഇപ്പോഴിതാ സംഭവത്തിൽ നിർണായക വഴിത്തിരിവാണ് സംഭവിക്കാൻ പോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് പേജിലൂടെ പുറത്തുവിട്ടിരുന്നു. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാരിന്റെ കെെയിലുള്ള ഫയലുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചത്.
‘ജനങ്ങളുടെ വമ്പിച്ച താൽപര്യം പരിഗണിച്ച് അന്യഗ്രഹജീവികൾ, ഭൂമിക്ക് പുറത്തുള്ള ജീവൻ, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പുറത്തുവിടാനുള്ള നടപടികൾ ആരംഭിക്കാൻ ഉദ്യോസ്ഥർക്ക് ഞാൻ നിർദേശം നൽകി. സങ്കീർണമെങ്കിലും രസകരവും പ്രധാനപ്പെട്ടതുമായ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടും’- ട്രംപ് കുറിച്ചു. എന്നാൽ എന്ന് രേഖകൾ പുറത്തുവിടുമെന്ന് വ്യക്തമല്ല.
Source link



