‘നിങ്ങളെന്നെ പീഡിപ്പിക്കുകയാണ്’; ചിത്രീകരണത്തിനിടെ ഐശ്വര്യ റായ് സംവിധായകനോട് പറഞ്ഞ വാക്കുകൾ

ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായിയുടെ ആദ്യ സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’. മോഹൻലാൽ, പ്രകാശ് രാജ്, രേവതി, ഗൗതമി, തബു, നാസർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററായിരുന്നു. ഇപ്പോഴിതാ ഇരുവറിൽ ഐശ്വര്യ റായ്മൊത്തുള്ള അനുഭവം ബൃന്ദ മാസ്റ്റർ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. ഇരുവറിലെ ‘കണ്ണൈ കാട്ടി കൊല്ലാതെ’ എന്നുള്ള ഗാനത്തിൽ നടിക്കായി നൃത്തച്ചുവടുകൾ ഒരുക്കിയത് ബൃന്ദ മാസ്റ്ററായിരുന്നു.
‘ആ ഗാനരംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഐശ്വര്യ ഞെട്ടിച്ചു. അവർ പാട്ടിന്റെ പരിശീലനത്തിനായെത്തി തിരികെപ്പോയപ്പോൾ ഞാനാണ് ഹോട്ടലിൽ എത്തിച്ചത്. തിരികെ വീണ്ടും സെറ്റിലെത്തിയപ്പോൾ പുലർച്ചെ അഞ്ചുമണിക്കാണ് ഗാനരംഗം ചിത്രീകരിക്കുന്നതെന്ന് മണിരത്നം അറിയിച്ചു. അപ്പോഴും ഇരുട്ട് മൂടിക്കിടക്കുകയായിരുന്നു. അപ്പോൾ ഐശ്വര്യ തമിഴിൽ പറഞ്ഞു, ‘അയ്യോ, അയ്യോ ഞാൻ മരിക്കാൻ പോവുകയാണ്. ദൈവമേ, നിങ്ങൾ എന്നെ പീഡിപ്പിക്കുകയാണ്’ എന്ന്. എന്നിരുന്നാലും ഗാനരംഗത്തിലെ അവരുടെ പ്രകടനം അതിശയകരമായിരുന്നു. അവർ അത്യുഗ്രൻ നർത്തകിയാണ്. അവിടെയുണ്ടായിരുന്ന മോഹൻലാൽ സഹിതമുള്ള പുരുഷന്മാർക്ക് കണ്ണെടുക്കാനായില്ല.
ഫിലിംഫെയറിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആദ്യമായി ഐശ്വര്യയെ കാണുന്നത്. അപ്പോഴവർ മിസ് വേൾഡ് പട്ടം ചൂടിയിരുന്നില്ല. ഒരു പെപ്സി പരസ്യം ചെയ്തിരുന്നു. അപ്പോൾതന്നെ ആണുങ്ങളെല്ലാം ഐശ്വര്യയുടെ ആരാധകരായി മാറിയിരുന്നു. ഫിലിംഫെയറിനായി പരിശീലിക്കുകയായിരുന്നു ഞാനപ്പോൾ. ആ സമയം ഐശ്വര്യ ഞങ്ങളുടെയരികിൽ വരികയും ഞാൻ നന്നായി നൃത്തം ചെയ്തുവെന്ന് അഭിനന്ദിക്കുകയും ചെയ്തു. ഐശ്വര്യക്ക് ഇക്കാര്യം ഓർമ്മയുണ്ടോയെന്നറിയില്ല’- ബൃന്ദ മാസ്റ്റർ പങ്കുവച്ചു.
Source link



