LATEST

ജോലിക്കുപോകാതെ മൂന്നുനേരവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ അതിബുദ്ധി; കൊല്ലത്തെ യുവാവിന് പൊലീസ് കൊടുത്ത് എട്ടിന്റെ പണി

കൊല്ലം: ജോലിക്കൊന്നും പോകാതെ സുഖമായി മൂന്നുനേരവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സിനിമാ സ്റ്റൈൽ മാർഗം സ്വീകരിച്ച് യുവാവിനെ പൊലീസ് കൊടുത്തത് എട്ടിന്റെ പണി. ജയിലിൽ പോയി മൂന്നുനേരവും ഭക്ഷണം ഉറപ്പാക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മയ്യനാട് മുക്കം വഴിയഴികം സ്വദേശി പ്രമോദ് ജോണിനാണ് പൊലീസ് പണികൊടുത്തത്.

‘വിയർപ്പിന്റെ അസുഖമുള്ള’ പ്രമോദിന് ജോലിക്കുപോകുന്നത് പണ്ടേ ഇഷ്ടമില്ല. അക്കാരണംകൊണ്ടുതന്നെ വിവാഹവും കഴിച്ചിട്ടില്ല. ഒരിക്കൽ അടിപിടിക്കേസിൽ അകത്തായ പ്രമോദ് 15 ദിവസം ജയിലിൽ കിടന്നിരുന്നു. അന്നുമുതലാണ് ഇയാൾ ജയിൽ ഭക്ഷണത്തിന്റെ കടുത്ത ആരാധകനായി മാറിയത്. ജോലിയൊന്നും ചെയ്യാതെ സുഖമായി ഭക്ഷണം കഴിക്കാൻ ഏറ്റവും നല്ല മാർഗം റിമാൻഡ് തടവുകാരനായി ജയിലിൽ കിടക്കുന്നതാണെന്ന് മനസിലാക്കിയ പ്രമോദ് അതിനുള്ള വഴി കണ്ടെത്തുകയായിരുന്നു. അടിപിടിക്കോ, മോഷണത്തിനോ പോയാൽ തടികേടാവുമെന്ന് മനസിലാക്കിയ പ്രമോദ് കളക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സ്വന്തം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസുകാർ ആളെ അന്വേഷിച്ച് ബുദ്ധിമുട്ടാതിരിക്കാനായിരുന്നു സ്വന്തം ഫോണിൽനിന്നുതന്നെ വിളിച്ചത്.

ഭീഷണി വിവരം ലഭിച്ചതോടെ പൊലീസ് പ്രമോദിന്റെ വീട്ടിലെത്തി. ഇത് പ്രതീക്ഷിച്ച അയാൾ വീടിനുമുന്നിൽത്തന്നെ നിൽക്കുകയായിരുന്നു. തീവ്രവാദികളുമായി ബന്ധമുണ്ടെന്നുവരെ സംശയിച്ച് ചോദ്യംചെയ്യാനൊരുങ്ങവേ താൻ നൽകിയത് വ്യാജ ഭീഷണിയാണെന്ന് പ്രമോദ് പൊലീസിനോട് പറഞ്ഞു. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഭീഷണി അയച്ചതിനുപിന്നിലെ കാരണം തുറന്നുപറഞ്ഞത്. കൂടുതൽ അന്വേഷണത്തിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് വ്യക്തമായതാേടെ തിരിച്ചും പണികൊടുക്കാൻ പൊലീസും തീരുമാനിച്ചു. ജയിലിലേക്കുവിടാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. കളക്ടറേറ്റിൽ പൊലീസ് പരിശോധന നടത്തിയെങ്കിലു സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെ പ്രമോദ് പറഞ്ഞതെല്ലാം സത്യമാണെന്ന് കൂടുതൽ വ്യക്തമാവുകയും ചെയ്തു.


Source link

Related Articles

Back to top button