LATEST

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത, മൂന്നുകോച്ചുകൾ; വരുന്നു ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായ മീററ്റ് മെട്രോയും ഡൽഹി-മീററ്റ് നാമോ ഭാരത് (ആർആർടിഎസ്) ഇടനാഴിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശിലെ ശതാബ്ദി നഗർ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മെട്രോ ഫ്ളാഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി മീററ്റ് സൗത്ത് വരെ മെട്രോയിൽ യാത്ര ചെയ്യും. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇതോടെ മീററ്റിൽ തുടക്കമാകുന്നത്.

മീററ്റ് സൗത്ത് മുതൽ മോടിപുരം വരെയുള്ള പാതയിലാണ് മെട്രോ സർവീസ് നടത്തുക. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായി മാറും. മുഴുവൻ ദൂരവും എല്ലാ സ്റ്റോപ്പുകളിലും നിർത്തി വെറും 30 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. മൂന്ന് കോച്ചുകൾ വീതമുള്ള ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.

അതേസമയം, 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് നാമോ ഭാരത് ഇടനാഴിയും ഇതോടെ പൂർണമായും സജ്ജമാകും. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള അഞ്ച് കിലോമീറ്റർ പാതയും, മീററ്റ് സൗത്ത് മുതൽ മോടിപുരം വരെയുള്ള 21 കിലോമീറ്റർ പാതയുമാണ് പുതുതായി തുറക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് നാമോ ഭാരത് ട്രെയിനുകൾ. സാഹിബാബാദ്, ഗാസിയാബാദ്, മോടിനഗർ, മീററ്റ് എന്നീ നഗരങ്ങളെ അതിവേഗത്തിൽ ഡൽഹിയുമായി ഇനി ബന്ധിപ്പിക്കാൻ കഴിയും. നമോ ഭാരതിന് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക അതിവേഗ ഗതാഗത സംവിധാനമെന്ന പ്രത്യേകതയുമുണ്ട്.


ഇന്ത്യയിൽ ആദ്യമായാണ് ഒരു റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും (ആർആർടിഎസ്) നഗര മെട്രോയും ഒരേ സൗകര്യത്തിൽ പ്രവർത്തിക്കുന്നത്. നമോ ഭാരത് ട്രെയിനുകൾ അന്തർസംസ്ഥാന സർവീസുകൾക്കും, മീററ്റ് മെട്രോ നഗരത്തിനകത്തുള്ള സർവീസുകൾക്കും ഒരേ പാതയായിരിക്കും ഉപയോഗിക്കുക. സരായ് കാലെ ഖാൻ സ്റ്റേഷൻ ഒരു മൾട്ടി മോഡൽ ഹബ്ബായി മാറും. ഇവിടെ നിന്ന് ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോ പിങ്ക് ലൈൻ, റിംഗ് റോഡ് എന്നിവയുമായി യാത്രക്കാർക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും.


Source link

Related Articles

Back to top button