LATEST

ആരോഗ്യമന്ത്രിയുടെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം; റീത്തുവച്ചും കരിങ്കൊടി വീശിയും പ്രവർത്തകർ

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം. തിരുവനന്തപുരം തൈക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഇരച്ചുകയറിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. വാതിലിൽ റീത്ത് വയ്ക്കുകയും ചെയ്തു. മന്ത്രി വസതിയിലുണ്ടായിരുന്നില്ല. രണ്ട് പൊലീസുകാർ മാത്രമാണ് വീടിന് കാവലായി ഉണ്ടായിരുന്നത്.

ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തക‌ർ വീടിന്റെ വാതിലിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ‘ആരോഗ്യവകുപ്പ്’ എന്നെഴുതിയ റീത്ത് ആണ് വാതിലിന് മുന്നിൽ വച്ചത്. തുടർന്ന് തിരിച്ചിറങ്ങിയ പ്രവർത്തകർ ഗേറ്റിന് പുറത്തിരുന്ന് പ്രതിഷേധ പ്രകടനം നടത്തി. 20ൽ അധികം പ്രതിഷേധക്കാരാണ് ഉണ്ടായിരുന്നത്. കരിങ്കൊടി വീശിയും ഇവർ മുദ്രാവാക്യം വിളിച്ചു. പിന്നാലെ കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ പ്രവർത്തകർ മടങ്ങി. സമരം ശക്തമായി തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയായ ഉ​ഷ​ ​ജോ​സ​ഫി​ന്റെ വയറ്റിൽ കത്രിക (ശസ്ത്രക്രിയ ഉപകരണം)​ കുടുങ്ങിയ സംഭവത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കത്രിക കുടുങ്ങിയതിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഗൈ​ന​ക്കോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യാ​യി​രു​ന്ന​ ​​​ഡോ.​ ​ല​ളി​താം​ബി​കയെ മാത്രം പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാംവിധം പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.


Source link

Related Articles

Back to top button