പെട്രോൾ പമ്പിൽ പുകവലിക്കുന്നത് ചോദ്യം ചെയ്തു; ബൈക്കിന്റെ ടാങ്കിൽ തീയിട്ട് യുവാവ്

റായ്‌പൂർ: പെട്രോൾ പമ്പിൽ പുകവലിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തിൽ ലൈറ്റർ കത്തിച്ച് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിലിട്ട് യുവാവ്. പെട്രോൾ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീയണച്ചതിനാൽ വലിയൊരപകടം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിർഗാവ് സ്വദേശി ധർമ്മേന്ദ്ര സിംഗ്, എഎച്ച്പി കോളനി സ്വദേശി ഇമ്രാൻ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഛത്തീസ്ഗഢിലെ റായ്‌പൂരിലെ കർമ്മ ചൗക്കിലുള്ള സംഗീതാ ഫ്യുവൽസിലാണ് സംഭവമുണ്ടായത്.
ചൊവ്വാഴ്‌ച വൈകുന്നേരം ഏഴരയോടെ രണ്ട് യുവാക്കൾ ബൈക്കിൽ പെട്രോൾ നിറയ്‌ക്കുന്നതിനായി ഇവിടേയ്‌ക്കെത്തി. ജീവനക്കാരൻ ടാങ്കിൽ പെട്രോൾ നിറയ്‌ക്കുന്ന സമയം ബൈക്കിന്റെ പിന്നിലിരുന്ന ധർമ്മേന്ദ്ര താഴെയിറങ്ങി സിഗരറ്റ് കത്തിക്കാൻ തുടങ്ങി. ഇതുകണ്ട് ബൈക്കിലിരിക്കുകയായിരുന്ന ഇമ്രാൻ ധർമ്മേന്ദ്രയെ തള്ളിമാറ്റി. ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് ലൈറ്റർ കത്തിച്ച് ബൈക്കിന്റെ ഫ്യുവൽ ടാങ്കിലിട്ടു. ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ യുവാക്കളും ജീവനക്കാരനും ഓടിരക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തി ഫ്വുവൽ ഹോസ് മാറ്റി പ്രധാന ഇന്ധനവിതരണം ഓഫ് ചെയ്‌തു. തുടർന്ന് ഫയർ എസ്‌റ്റിംഗ്യൂഷൻ ഉപയോഗിച്ച് തീയണച്ചു. ഇന്ധനം കത്തി യുവാക്കളുടെ ദേഹത്ത് വീഴുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അപകടത്തിനു പിന്നാലെ യുവാക്കൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പമ്പ് ജീവനക്കാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ ബൈക്കും ലൈറ്ററും കസ്റ്റഡിയിലെടുത്തു. തീവയ്‌ക്കൽ, പൊതുസുരക്ഷ അപകടത്തിലാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഊർല പൊലീസ് വ്യക്തമാക്കി.
Source link


