എസ്.ഡി.ആറിൽ ആഗോള ശ്രദ്ധ കൈവരിച്ച് മലയാളി സ്റ്റാർട്ടപ്പ്

തിരുവനന്തപുരം: ഓട്ടോമോട്ടീവ് രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോ (എസ് .ഡി.ആർ) മേഖലയിൽ ആഗോളശ്രദ്ധ ആകർഷിച്ച് മലയാളി സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്ട്രേഷനുള്ള ഇൻടോട്ട് ടെക്നോളജീസാണ് പുത്തൻ സാങ്കേതികവിദ്യയിലൂടെ ഡീപ് ടെക് രംഗത്ത് ചുവടുറപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം വാഹനങ്ങളിൽ കമ്പനിയുടെ എസ്.ഡി.ആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട് . രാജിത് നായർ, പ്രശാന്ത് തങ്കപ്പൻ എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻടോട്ട് ടെക്നോളജീസിനു പിന്നിൽ.
ഡിജിറ്റൽ റേഡിയോ റിസീവറിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചിപ്പുകൾക്ക് പകരം സോഫ്റ്റ്വെയർ ഉപയോഗിച്ച് സിഗ്നൽ റിസീവിംഗ് സാദ്ധ്യമാക്കുന്ന ഇൻടോട്ട് ടെക്നോളജീസിന് നിലവിൽ പന്ത്രണ്ട് പേറ്റന്റുകളുണ്ട്.
ഇൻനോട്ട് വികസിപ്പിച്ച സോഫ്റ്റ് വെയർ റേഡിയോ സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നതിനൊപ്പം ഈ ഡിജിറ്റൽ സിഗ്നലിനെ ഡീകോഡ് ചെയ്ത് ശബ്ദമാക്കി മാറ്റുകയും ചെയ്യും. സ്മാർട്ട്ഫോണിൽ ഒരു പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് പോലെ ലളിതമായി ഡിജിറ്റൽ റേഡിയോ സേവനം ലഭ്യമാക്കാൻ സോഫ്റ്റ്വെയർ സഹായിക്കും. കുറഞ്ഞ ചെലവ്, കൂടുതൽ കാര്യക്ഷമത, മിതമായ ഊർജ്ജ ഉപഭോഗം എന്നിവയാണ് സവിശേഷത.
എസ്.ഡി.ആർ സവിശേഷത
വാഹനങ്ങളിൽ ഇപ്പോൾ ലഭ്യമായ എ.എം, എഫ്.എം റേഡിയോ/ ഇൻഫർമേഷൻ സംവിധാനത്തിന് പകരം അധിക വ്യക്തതയോടെ കൂടുതൽ ചാനലുകൾ ലഭ്യമാവും. പ്രകൃതി ദുരന്തം പോലുള്ള ഘട്ടങ്ങളിൽ മൊബൈൽ ടവറുകളുടെ സേവനമില്ലെങ്കിലും എസ്.ഡി.ആർ വഴി ആശയവിനിമയം സാദ്ധ്യമാകും.
Source link



