എന്ത് വന്നാലും ദൃശ്യം 3 നാല് ഷോ

: മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിന് തിയേറ്റർ ഉടമകളുമായി കരാർ
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ദൃശ്യം 3 ദിവസവും നാല് പ്രദർശനം വീതം നടത്തുമെന്ന് തിയേറ്റർ ഉടമകൾ. തിയേറ്ററിൽ ആളുണ്ടായാലും ഇല്ലെങ്കിലും കളക്ഷൻ കൂടിയാലും കുറവാണെങ്കിലും നാല് ആഴ്ച എങ്കിലും സിനിമ പ്രദർശിപ്പിക്കുകയും വേണം.
തിയേറ്റർ ഉടമകളും നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസുമായുള്ള കരാർ ഇങ്ങനെയാണ്. ഹോൾഡ് ഓവർ, ഹർത്താൽ, ബസ് സമരം, തുടങ്ങി എന്ത് പ്രതിസന്ധി ഉണ്ടായാലും ഇതിൽ ഒരു മാറ്റവും പാടില്ല. ദൃശ്യം 3 പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഞ്ചുലക്ഷം രൂപയാണ് മുൻകൂർ ആയി നൽകേണ്ടത്.
കൂടാതെ ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫീസ് റവന്യു നൽകാൻ തിയേറ്റർ ഉടമകൾ സമ്മതിച്ചു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇത് 50 ശതമാനമായും നിലനിറുത്തും. അതേസമയം കേരളത്തിൽ പുലർച്ചെയുള്ള ഫാൻസ് ഷോ ഉണ്ടാകില്ലെന്നാണ് വിവരം.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 ആരാധക ലോകത്ത് വൻപ്രതീക്ഷ നൽകുന്നു.
ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം ആയിരിക്കും ദൃശ്യം 3 എന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
Source link



