CINEMA

വെറുതേയല്ല സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നത്; ഇങ്ങനെപോയാല്‍ വില ഇനിയും കൂടും

ഓഹരി മൂച്വല്‍ ഫണ്ടുകളെ മറികടന്ന് ഗോള്‍ഡ് ഇ.ടി.എഫ്


കൊച്ചി: ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ ഗോള്‍ഡ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക്(ഇ.ടി.എഫ്) ഇന്ത്യയില്‍ പ്രിയമേറുന്നു. ജനുവരിയില്‍ ഗോള്‍ഡ് ഇ.ടി.എഫുകളിലെ നിക്ഷേപം ചരിത്രത്തിലാദ്യമായി ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലും ഉയര്‍ന്ന തലത്തിലെത്തി. ജനുവരിയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,500 ഡോളറിന് മുകളിലെത്തി റെക്കാഡിട്ടു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ജനുവരിയില്‍ ഗോള്‍ഡ് ഇ.ടി.എഫുകളിലെ നിക്ഷേപം 98 ശതമാനം ഉയര്‍ന്ന് 249 കോടി ഡോളറിലെത്തി. ഡിസംബറിലെ നിക്ഷേപം 125 കോടി ഡോളറായിരുന്നു.


കഴിഞ്ഞ വര്‍ഷം മൊത്തം 468 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ ഇ.ടി.എഫുകളില്‍ ലഭിച്ചത്. അമേരിക്കയുടെ വെനസ്വേലയിലെ രാഷ്ട്രീയ ഇടപെടലുകളും പുതിയ തീരുവ പ്രഖ്യാപനവുമാണ് സ്വര്‍ണ വിപണിക്ക് കരുത്തായത്. ആഗോള തലത്തില്‍ ഗോള്‍ഡ് ഇ.ടി.എഫുകളില്‍ 1,900 കോടി ഡോളറിന്റെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66,900 കോടി ഡോളറിലെത്തി റെക്കാഡിട്ടു.


ആഗോള ഇ.ടി.എഫുകളുടെ കൈവശമുള്ള സ്വര്‍ണ ശേഖരം ജനുവരിയില്‍ 120 ടണ്‍ ഉയര്‍ന്ന് 4,145 ടണ്ണിലെത്തി


സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം രൂക്ഷം


രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമായി തുടരുന്നു. റഷ്യയിലെയും വെനസ്വേലയിലെയും രാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കയില്‍ പലിശ കുറയാനുള്ള സാദ്ധ്യതയും ജനുവരിയില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പുണ്ടാക്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതോടെ സ്വര്‍ണ വില മൂക്കുകുത്തി 4,500 ഡോളര്‍ വരെ താഴ്ന്നു. കെവിന്‍ വാര്‍ഷ് പലിശ കുറയ്ക്കുന്നതിന് എതിരാകുമെന്ന സംശയമാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇന്നലെ സ്വര്‍ണ വില വീണ്ടും ഔണ്‍സിന് 5,000 ഡോളറിലേക്ക് തിരിച്ചുയര്‍ന്നു.


Source link

Related Articles

Back to top button