CINEMA

‘അണ്ഡം ശീതീകരിച്ച് വയ്ക്കണമെന്ന് ആരും പറ‍ഞ്ഞുതന്നില്ല’; ദുരനുഭവം വെളിപ്പെടുത്തി മംമ്‌ത മോഹൻദാസ്

ക്യാൻസറിനെ രണ്ടുതവണ അതിജീവിച്ച മലയാള നടിയാണ് മംമ്‌ത മോഹൻദാസ്. ഇപ്പോഴിതാ ചികിത്സയ്ക്കിടെ താൻ നേരിട്ട ദുരനുഭവം ഒരു പരിപാടിയിൽ താരം വെളിപ്പെടുത്തിയത് ചർച്ചയാവുകയാണ്. ചികിത്സയ്ക്കിടെ ഭാവിയിലെ മാതൃത്വത്തെക്കുറിച്ച് ഡോക്‌ടർമാർ കൃത്യമായ നിർദേശങ്ങൾ നൽകിയില്ലെന്നാണ് താരം പറഞ്ഞത്. ക്യാൻസറിന്റെ കാര്യത്തിൽ ഒരുറപ്പും പറയാൻ കഴിയില്ല. നല്ല ജീവിതശൈലിയായിരുന്നു തനിക്കുണ്ടായിരുന്നത്. വ്യായാമം ചെയ്യുമായിരുന്നു. മദ്യപാനമോ മറ്റ് ദുശീലങ്ങളോയില്ലായിരുന്നുവെന്നും താരം പറഞ്ഞു.

‘ക്യാൻസറാണെന്ന് കണ്ടുപിടിച്ചത് 24ാം വയസിലാണ്. 27-28 വയസിലാണ് ട്രാൻസ്‌പ്ളാന്റ് ചെയ്യുന്നത്. അണ്ഡം ശീതീകരിച്ച് വയ്ക്കണമെന്ന് ആരും പറ‍ഞ്ഞുതന്നില്ല. ഡോക്‌ടർമാർക്ക് ഇതേക്കുറിച്ചറിയാം. ട്രാൻസ്‌പ്ളാന്റ് കഴിഞ്ഞതിനുശേഷമാണ് ഞാൻ ഇതിനെക്കുറിച്ച് ചോദിക്കുന്നത്. നിങ്ങൾ അതിനെപ്പറ്റി ചോദിച്ചില്ല എന്ന മുടന്തൻ ന്യായമാണ് ഡോക്‌ടർ അന്നുപറ‍ഞ്ഞത്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാനാണ്. അന്നൊക്കെ നമുക്കിത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. ഈ ഡോക്‌ടർമാരൊക്കെ അമേരിക്കയിലൊക്കെപ്പോയി പഠിച്ചവരാണ്. ഞാനവരെ കുറ്റം പറയുന്നില്ല. നമ്മുടെ വൈദ്യശാസ്‌ത്ര മേഖല കൃത്യമായ ഘടനയില്ലാതെയാണ് മുന്നോട്ടുപോകുന്നത്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ?​

സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞുവരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നതുകൊണ്ടും കരയുന്നതുകൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല. ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റാക്കുക. അത് രോഗിയെ ഒരുപാട് സഹായിക്കും’- മംമ്‌ത വ്യക്തമാക്കി.


Source link

Related Articles

Back to top button