CINEMA

* സ്ഥലംമാറ്റ മാനദണ്ഡങ്ങൾ * സ്വന്തം ജില്ലയിലേക്കുള്ള വഴി അടയുമെന്ന ആശങ്കയിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ

കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് മാനദണ്ഡങ്ങളിൽ അപാകതകളെന്ന് ആരോപണം. പതിറ്റാണ്ടിലേറെയായി അന്യജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള വഴിയടയുമെന്ന ആശങ്കയിൽ അദ്ധ്യാപകർ.

അന്യജില്ലയിലെ (ഔട്ട് സ്റ്റേഷൻ) സർവീസിനുശേഷം തിരിച്ചെത്തുന്ന അദ്ധ്യാപകർ സ്വന്തം ജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ, ഔട്ട് സ്റ്റേഷൻ സർവീസ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടു വർഷത്തിനു ശേഷം സ്ഥലം മാറ്റുമ്പോൾ പതിറ്റാണ്ടിലേറെ അന്യജില്ലകളിലുള്ള അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് വരാൻ സാഹചര്യം ലഭിക്കുമായിരുന്നു. രണ്ടു വർഷം ഔട്ട്‌സ്റ്റേഷൻ സർവീസ് കരട് മാനദണ്ഡങ്ങളിൽ മരവിപ്പിച്ചിട്ടില്ല. പകരം അന്യജില്ലാ കാലഘട്ടത്തിൽ മലയോര മേഖലകളിലോ വിദൂരപ്രദേശങ്ങളിലോ ജോലി ചെയ്തതിന് ലഭിക്കുന്ന സർവീസ് വെയ്‌റ്റേജ് മാത്രം മരവിപ്പിക്കുന്ന രീതിയാണ് ഉൾപ്പെടുത്തിയത്. സ്വന്തം ജില്ലയിലേക്ക് വരാനാവാതെ വർഷങ്ങളായി തുടരുന്ന അദ്ധ്യാപകർക്ക് ഇതുമൂലം യാതൊരു ഗുണവും ലഭിക്കില്ലെന്ന് സംഘടനകൾ പറയുന്നു.
നാഷണൽ സർവീസ് സ്‌കീം കോഓർഡിനേറ്റർമാർക്ക് സർവീസ് വെയ്‌റ്റേജ് നൽകാനുള്ള നീക്കം അനാവശ്യമാണെന്നും പരാതി ഉയർന്നു. പുതുതായി ഏർപ്പെടുത്തുന്ന വെയ്‌റ്റേജുകൾ റാങ്ക് പട്ടികയിൽ കാര്യമായ മാറ്റം വരുത്തും. സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന അദ്ധ്യാപകർക്ക് ഇവ തിരിച്ചടിയാകും. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിന്റെ സ്ഥലംമാറ്റത്തിലും അവ്യക്തതകളുണ്ട്. വ്യക്തതക്കുറവ് മാനദണ്ഡങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് കാരണമാകുമെന്നും പരാതി ഉയർന്നു.

ഇന്ന് ചർച്ച
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഇന്ന് രാവിലെ 10ന് നടത്തുന്ന ചർച്ചയിൽ കരടിലെ അപാകതകൾ ഉന്നയിക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. മാനദണ്ഡങ്ങൾ ക്രമപ്പെടുത്താൻ അധികൃതർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ധ്യാപകർ പറയുന്നു.


”പത്തിലധികം വർഷമായി കേരളത്തിന്റെ വടക്കേയറ്റത്ത് ജോലി ചെയ്യുന്ന തെക്കൻ ജില്ലക്കാരായ എന്നെപ്പോലെ നൂറുകണക്കിന് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിലേക്ക് വരികയെന്നത് സ്വപ്നം മാത്രമാക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ.””

അദ്ധ്യാപിക, കാസർകോട്


Source link

Related Articles

Back to top button