CINEMA

അക്കാര്യം സംഭവിച്ചാല്‍ പെട്രോള്‍ – ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന് കേന്ദ്രം

വാങ്ങല്‍ നിറുത്താന്‍ ഇന്ത്യയ്ക്ക് എളുപ്പമല്ല

കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ശക്തമാണെങ്കിലും റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അമേരിക്കന്‍ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഗണ്യമായ കുറവ് വരുത്തിയെങ്കിലും ഇറക്കുമതി പൂര്‍ണമായും നിറുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര തുടര്‍ന്നും റഷ്യന്‍ ക്രൂഡ് വാങ്ങാന്‍ നിര്‍ബന്ധിതരാകും.


ഗുജറാത്തില്‍ നാല് ലക്ഷം ബാരല്‍ പ്രതിദിന ഉത്പാദന ശേഷിയില്‍ റിഫൈനറിയുള്ള നയാരയുടെ 49.13 ശതമാനം ഓഹരികള്‍ റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്. ജനുവരിയില്‍ പ്രതിദിനം 4.71 ലക്ഷം ബാരല്‍ ക്രൂഡാണ് നയാര റഷ്യയില്‍ നിന്ന് ഇറക്കുമതി നടത്തിയത്. ഇന്ത്യയുടെ മൊത്തം റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണിത്. യൂറോപ്യന്‍ ഉപരോധമുള്ളതിനാല്‍ നയാരയ്ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതിനും പരിമിതിയുണ്ട്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കമ്പനികള്‍ അടുത്ത മാസം മുതല്‍ അമേരിക്കന്‍ ഉപരോധമില്ലാത്ത റഷ്യന്‍ സപ്‌ളൈയര്‍മാരില്‍ നിന്ന് ക്രൂഡ് വാങ്ങാന്‍ ആലോചിക്കുന്നുണ്ട്.


റിലയന്‍സുമായി ദീര്‍ഘ കാല കരാര്‍


ജാംനഗറിലെ റിഫൈനറി കോംപ്‌ളക്സിലേക്ക് അഞ്ച് ലക്ഷം ബാരല്‍ ക്രൂഡ് വാങ്ങുന്നതിന് റഷ്യയിലെ റോസ്നെഫ്റ്റുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ദീര്‍ഘകാല കരാറുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി റഷ്യന്‍ ക്രൂഡ് റിലയന്‍സ് വാങ്ങിയത്. അമേരിക്കന്‍ ഉപരോധം നേരിടുന്ന റോസ്നെഫ്റ്റും ലുകോയിലും ഒഴികെയുള്ള കമ്പനികളുമായി ഇടപാട് നടത്തുന്നതിനാണ് കമ്പനികള്‍ ആലോചിക്കുന്നത്.


മനസ് തുറക്കാതെ ഇന്ത്യ


റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ക്രൂഡ് ഇറക്കുമതി ആഭ്യന്തര കമ്പനികളുടെ തീരുമാനമാണെന്നും കരാര്‍ ചട്ടക്കൂടുമായി ബന്ധമില്ലെന്നുമാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. വിപണി സാഹചര്യങ്ങള്‍ പരിഗണിച്ച് വിവിധ റിഫൈനറികള്‍ വാണിജ്യ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യ പിന്‍വാങ്ങിയാല്‍ എണ്ണവില കുതിക്കും


റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിറുത്തിയാല്‍ വിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടായേക്കും. സപ്‌ളൈ തടസപ്പെട്ടാല്‍ ഇന്ധന വില കുതിച്ചുയരും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും തീരുമാനം പ്രതികൂലമായി ബാധിക്കും.


റഷ്യന്‍ ക്രൂഡില്‍ നിന്ന് മാറിയാല്‍ ബാരലിന് അധിക ബാദ്ധ്യത 8 മുതല്‍ 10 ഡോളര്‍ വരെ


Source link

Related Articles

Back to top button