CINEMA

സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കുമെന്ന് മുഖ്യമന്ത്രി

സിയാൽ എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിന് തുടക്കം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനെ(സിയാൽ) സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാൽ എയ്റോ പാർക്ക് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐ.ടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാംഘട്ടവും ഉടൻ യാഥാർത്ഥ്യമാകും. ​​ഏവിയേഷൻ അറ്റകുറ്റപ്പണികൾ, ട്രെയിനിംഗ്, സാങ്കേതിക സഹായം എന്നിവയ്ക്കായുള്ള പ്രത്യേക മേഖലയാണ് എയ്റോ പാർക്ക്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എം.ആർ.ഒ വിഭാഗങ്ങൾക്കും പുറമെ 101 കോടിയുടെ പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. സിയാൽ ഡയറക്ടറും വ്യവസായിയുമായ എം.എ. യൂസഫലി, ഹാരിസ് ബീരാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സി.ഐ.എ.എസ്.എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

2000 പേർക്ക് നേരിട്ട് തൊഴിൽ

സിയാൽ എയ്റോ പാർക്ക് പദ്ധതിയിലൂടെ നേരിട്ട് രണ്ടായിരം പേർക്കും പരോക്ഷമായി മൂന്നിരട്ടി പേർക്കും തൊഴിൽ ലഭിക്കും. പ്രത്യേക സാമ്പത്തിക മേഖലയുടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ടാകും.

മൂന്ന് പദ്ധതികൾ

40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചെലവഴിച്ച് സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ, 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, രണ്ട് കോടി ചെലവിൽ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി സമർപ്പിച്ചത്. 45 കോടി രൂപ നിക്ഷേപമുള്ള ഹാങ്ങർ നിർമ്മാണം അടക്കം മൂന്ന് പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു.


Source link

Related Articles

Back to top button