വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

ഫെബ്രുവരിയിലെ നിക്ഷേപം 8,100 കോടി ഡോളർ
കൊച്ചി: ഇന്തോ-യു.എസ് വ്യാപാര കരാറിന്റെ പ്രതീക്ഷയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ആവേശത്തോടെ പണമൊഴുക്കുന്നു. ഫെബ്രുവരി ആദ്യ വാരത്തിൽ 8,100 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. നവംബർ മുതൽ ജനുവരി വരെ വൻ തോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നാലെയാണ് വിദേശ ഫണ്ടുകൾ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും അമേരിക്കയുടെ തീരുവ പ്രതിസന്ധിയും ആശങ്ക സൃഷ്ടിച്ചതോടെയാണ് വിദേശ നിക്ഷേപകർ കഴിഞ്ഞ മാസങ്ങളിൽ പിൻവാങ്ങിയത്.
കയറ്റുമതി മേഖലയിലെ പ്രതിസന്ധി ഒഴിയുന്നതോടെ കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന പ്രതീക്ഷ ശക്തമായതോടെ വിദേശ ഫണ്ട് വരവിന് വേഗമേറി. കഴിഞ്ഞ വർഷം ഒക്ടോബർ 28ന് ശേഷം ഇതാദ്യമായാണ് വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ സജീവമാകുന്നത്. വരും ദിവസങ്ങളിലും വിദേശ പണമൊഴുക്ക് കൂടിയാൽ വിപണി വീണ്ടും ശക്തമായി മുന്നേറാൻ ഇടയുണ്ട്.
അനുകൂല സാഹചര്യങ്ങൾ
1. അമേരിക്കൻ, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ നിക്ഷേപവിശ്വാസം ഉയർത്തുന്നു
2. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ നിക്ഷേപകരുടെ നഷ്ട സാദ്ധ്യത കുറയുന്നു
3. ഇന്ത്യയുടെ തീരുവ 18 ശതമാനമായി കുറഞ്ഞതോടെ കയറ്റുമതിക്കാരുടെ മത്സരശേഷി ഉയർന്നു
4. മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ വർദ്ധന അവസരമാകുന്നു
വിദേശ പണമൊഴുക്ക്
മാസം നിക്ഷേപം
നവംബർ -3,765 കോടി ഡോളർ
ഡിസംബർ -22,611 കോടി ഡോളർ
ജനുവരി -35,962 കോടി ഡോളർ
കഴിഞ്ഞ വർഷം വിദേശ ഫണ്ടുകൾ പിൻവലിച്ച തുക
1.66 ലക്ഷം കോടി രൂപ
രൂപയ്ക്ക് കരുത്താകുന്നു
യു.എസ് വ്യാപാര കരാറിന്റെ പ്രഖ്യാപനത്തിന് ശേഷം ഡോളറിനെതിരെ രൂപ കരുത്താർജിക്കുന്നു. ജനുവരി 30ന് ഡോളറിനെതിരെ 92 വരെ താഴ്ന്ന രൂപ കഴിഞ്ഞ വാരം 90.30 വരെ ഉയർന്നു. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും കയറ്റുമതിക്കാരുടെ ഡോളർ വിൽപ്പനയുമാണ് രൂപയ്ക്ക് പിന്തുണയായത്. നടപ്പുവാരം രൂപ 90 കടന്ന് ശക്തിയാർജിക്കുമെന്നാണ് വിലയിരുത്തുന്നത്.
Source link



