വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയയുടൻ വയറുവേദന, പിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകി

ലക്നൗ: വിവാഹചടങ്ങ് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ കുംഹാരിയ ഗ്രാമത്തിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ അയൽഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്ത് തന്റെ വീട്ടിലെത്തിച്ച ഉടനാണ് വധു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർതൃവീട്ടിൽ ഈ സമയം വിവാഹാഘോഷത്തിനായി വരന്റെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു. ഇവർ പിരിഞ്ഞുപോകും മുൻപാണ് യുവതിയ്ക്ക് പ്രസവ വേദന ആരംഭിച്ചത്. തുടർന്ന് ചികിത്സ നൽകുകയായിരുന്നു.
ഏറെനാളായുള്ള പ്രണയബന്ധത്തിനൊടുവിലാണ് റിസ്വാനും യുവതിയും വിവാഹിതരായത്. വിവാഹം നടത്താനായി വധുവിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. പൊലീസ് ഗ്രാമമുഖ്യനൊപ്പം രണ്ട് വീട്ടുകാരുമായി ചർച്ച ചെയ്താണ് വിവാഹ തീയതി നിശ്ചയിച്ചത്. കഴിഞ്ഞ ശനിയാഴ്ച റിസ്വാനും ബന്ധുക്കളും ഇവരുടെ ഗ്രാമത്തിൽ നിന്ന് യുവതിയുടെ ഗ്രാമമായ ബഹാദൂർഗഞ്ചിലെത്തി. ഇവിടെ ആചാരപ്രകാരം വിവാഹം നടത്തിയ ശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയയുടൻ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെയായിരുന്നു പ്രസവം.
Source link



