അമേരിക്കൻ കരാർ ബമ്പറാകുമെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ

കൊച്ചി: അമേരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തിയേക്കും. ഇറക്കുമതി തീരുവ 18 ശതമാനമായി കുറയുന്നതോടെ നിലവിലുള്ള വിൽപ്പന തുടരുന്നതിനൊപ്പം പുതിയ വിൽപ്പന ഓർഡറുകളും നേടാൻ അവസരമൊരുങ്ങുമെന്ന് സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ(എസ്.ഇ.എ.ഐ) പ്രസിഡന്റ് ജി. പവൻ കുമാർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ മൂല്യം 350 കോടി ഡോളറാകുമെന്നാണ്(32,000 കോടി രൂപ) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 270 കോടി ഡോളറിന്റെ(25,000 കോടി രൂപ) സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. ആഗസ്‌റ്റിൽ ഡൊണാൾഡ് ട്രംപ് തീരുവ വർദ്ധന പ്രഖ്യാപിച്ചതോടെ പുതിയ വാങ്ങൽ കരാറുകൾ നേടാനും നിലവിലെ കരാർ പുതുക്കുന്നതിനും തടസം നേരിട്ടിരുന്നു. തീരുവ കുറഞ്ഞതോടെ വിപണി വികസനത്തിന് അനുകൂല സാഹചര്യമാണെന്ന് എസ്.ഇ.എ.ഐ സെക്രട്ടറി ജനറലും സി.ഇ.ഒയുമായ ഡോ. കെ.എൻ രാഘവൻ പറഞ്ഞു.
നടപ്പുവർഷം കയറ്റുമതിയിൽ ഇടിവ്
ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ മൂല്യത്തിൽ 6.3 ശതമാനവും അളവിൽ 15 ശതമാനവും ഇടിവുണ്ടായി. ഇക്കാലയളവിൽ 172 കോടി ഡോളറിന്റെ 2,01,501 ടൺ സമുദ്രോത്പന്നങ്ങളാണ് അമേരിക്ക വാങ്ങിയത്. മുൻവർഷം ഏപ്രിൽ-നവംബർ കാലയളവിലെ കയറ്റുമതി 183.54 കോടി ഡോളറിന്റെ 2,36,061 ടൺ സമുദ്രോത്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിയിരുന്നു.
കേന്ദ്ര സർക്കാരിന് അഭിനന്ദനം
ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം അമേരിക്കൻ വ്യാപാര കരാർ യാഥാർത്ഥ്യമാക്കിയ കേന്ദ്ര സർക്കാരിനെ സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർന്നതോടെ പ്രതിസന്ധിയിലായ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. താമസിയാതെ കയറ്റുമതി സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ
ശീതീകരിച്ച കൊഞ്ച്
ചൂര അടക്കമുള്ള ശീതീകരിച്ച മത്സ്യങ്ങൾ
കൂന്തൽ, കട്ട്ല
സംസ്‌കരിച്ച സമുദ്രോത്പന്നങ്ങൾ
Source link



