CINEMA

പാടാം ഞാൻ ആ ഗാനം…

ഹിറ്റുകളുടെ പെരുമഴ തീർത്ത ഗിറ്റാറിന്റെ രാജകുമാരൻ

എസ്.പി. വെങ്കടേഷിന് വിട

1955 – 2026

ജന്മം കൊണ്ട് തമിഴൻ. സംഗീതം എന്ന കർമ്മമേഖലയിൽ നിന്ന് മലയാളികൾക്ക് നിത്യഹരിത ഗാനങ്ങൾ തന്നെ എസ്.പി വെങ്കടേഷ് തീർത്തു. സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിൽ ജനനം. മാൻഡലിൻ വാദകനായിരുന്ന പിതാവ് പഴനിയുടെ ശിക്ഷണത്തിൽ മൂന്നുവയസു മുതൽ പഠനം. സംഗീത സംവിധായകരായ കെ.രാഘവൻ, രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായി തുടക്കം. 1980ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ബാലഗോപാലൻ എം.എ സിനിമയിൽ എ.ടി. ഉമ്മറിന്റെ ശിഷ്യനായി പ്രവർത്തിച്ച എസ്.പി വെങ്കിടേഷ് ഈ സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കി. 1986ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി മലയാള സിനിമയിലേക്ക് വരവ് അറിയിച്ചു. രാജാവിന്റെ മകൻ വമ്പൻ ഹിറ്റായപ്പോൾ അതിലെ പാട്ടുകളും സൂപ്പർഹിറ്റുകളായി. ഒരു ഗിറ്റാർ കൈയിൽ കിട്ടിയാൽ എവിടെനിന്നു പോലും സംഗീതം ഒരുക്കാൻ എസ്.പി വെങ്കടേഷിന് അപാര കഴിവായിരുന്നു. അക്കാലത്ത് തമ്പി കണ്ണന്താനം സിനിമകളിൽ എസ്.പി വെങ്കടേഷ് നിറസാന്നിദ്ധ്യമായി. വഴിയോരക്കാഴ്‌ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ എല്ലാം തമ്പി കണ്ണന്താനം സിനിമകൾ. ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാടനക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്‌സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്‌മീരം, സ്‌ഫടികം, മാന്നാർ മത്തായി സ്‌പീക്കിംഗ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. മലയാളത്തിൽ 150ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. വെള്ളേപ്പം എന്ന ചിത്രത്തിനാണ് അവസാനം സംഗീതം ഒരുക്കിയത്. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചു. നാലു ഭാഷകളിലായി 500 ലധികം ചിത്രങ്ങൾ. മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകാനാണ് എസ്.പി. വെങ്കടേഷിന് ഏറെ പ്രിയം. 1993ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി.

മലയാളിക്ക് മറക്കാനാവാത്ത രണ്ടു ഓണപ്പാട്ടുകൾ നൽകിയാണ് എസ്.പി വെങ്കടേഷിന്റെ മടക്കം. കിഴക്കൻ പത്രോസിലെ പാതിരാക്കിളിയും സൂപ്പർമാനിലെ ഓണത്തുമ്പി പാടൂ എന്നിവയാണ് ഗാനങ്ങൾ. പശ്ചാത്തല സംഗീതത്തിലും മിന്നിത്തിളങ്ങാൻ എസ്.പി വെങ്കടേഷിന് സാധിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ പിറന്ന ഈണത്തിന് താളം പിടിച്ചവർക്ക് എസ്. പി. വെങ്കടേഷിനെ എങ്ങനെ മറക്കാൻ കഴിയും.

ഹിറ്റ്സ് ഒഫ് എസ്. പി . വി

1 കിലുകിൽ പമ്പരം (കിലുക്കം)

പനിനീർ ചന്ദ്രികേ

2 കനക നിലാവേ(കൗരവർ)

മുത്തുമണി തൂവൽ

3 പാതിരാക്കിളി (കിഴക്കൻ പത്രോസ്)

4 കിലുക്കിലുക്കാം (പ്രിയപ്പെട്ട കുക്കു)

5 ചന്ദനക്കാറ്റേ (ഭീഷ്‌മാചാര്യ)

6 കിതച്ചെത്തും കാറ്റേ (ഹിറ്റ്‌ലർ)

നീ ഉറങ്ങിയോ

7 കടുകെട് (ഒന്നാമൻ)

8 വാൽക്കണ്ണെഴുതിയ (പൈതൃകം)

9 ശാന്തമീ രാത്രിയിൽ (ജോണിവാക്കർ)

10 വിണ്ണിലെ ഗന്ധർവ്വ (രാജാവിന്റെ മകൻ)

11തളിർവെറ്റിലയുണ്ടോ (ധ്രുവം)

12കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം)

13താരനൂപുരം ചാർത്തി (സോപാനം)

14 ദൂരേ ദൂരേ ( നാടോടി)

15 കാബൂളിവാല നാടോടി ( കാബൂളിവാല)


Source link

Related Articles

Back to top button