യമഹ 125 സി.സി ഹൈബ്രിഡ് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നു

കൊച്ചി: ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനായി യമഹ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 125 സി.സി ഹൈബ്രിഡ് സ്കൂട്ടർ മോഡലുകൾ തിരിച്ചുവിളിക്കുന്നു. 2024 മേയ് രണ്ടു മുതൽ 2025 സെപ്തംബർ മൂന്നു വരെ നിർമ്മിച്ച 3,06,635 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. റേ ഇസഡ് ആർ 125 എഫ്.ഐ ഹൈബ്രിഡ്, ഫാസിനോ 125 എഫ്.ഐ ഹൈബ്രിഡ് മോഡലുകളിലെ മുൻവശത്തെ ബ്രേക്ക് കാലിപ്പറിന്റെ പ്രവർത്തനം ചില സാഹചര്യങ്ങളിൽ പരിമിതമാകാനുള്ള സാദ്ധ്യത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റീക്കോളിൽ ഉൾപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും ആവശ്യമായ ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കും. വാഹനം തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് ഇന്ത്യ യമഹ മോട്ടോർ വെബ്സൈറ്റിലെ സർവീസ് വിഭാഗം സന്ദർശിക്കാം. ‘വോളന്ററി റീക്കോൾ കാമ്പയിൻ’ ഓപ്ഷൻ തിരഞ്ഞെടുത്ത് ചേസിസ് നമ്പർ നൽകി വിശദാംശങ്ങൾ പരിശോധിക്കാം. അംഗീകൃത യമഹ ഷോറൂം സന്ദർശിക്കുകയോ 1800-420-1600 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ, yes@yamaha-motor-india.com എന്ന ഇ മെയിലിലൂടെ സഹായം തേടുകയോ ചെയ്യാമെന്ന് യമഹ അധികൃതർ അറിയിച്ചു.
Source link



