CINEMA

തോൽക്കാത്ത ചരിത്രം; രാഷ്ട്രീയക്കളികളുടെ ആശാൻ, ഒടുവിൽ അപ്രതീക്ഷിത വിടവാങ്ങൽ

മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ (66) ദാരുണാന്ത്യത്തിന്റെ വാർത്ത കേട്ടാണ് രാജ്യം ഇന്ന് ഉണർന്നത്. മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. രാവിലെ ഒൻപത് മണിയോടെ മുംബയിൽ നിന്ന് പറന്നുയർന്ന് ഒരുമണിക്കൂറിനുശേഷമാണ് അപകടമുണ്ടായത്. എൻസിപിയുടെ ശക്തനായ നേതാവിനെയാണ് ഇന്ന് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്.

തോൽക്കാത്ത ചരിത്രം

ആറ് സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിൽ 1959 ജൂലായ് 22നാണ് ജനിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. അതും ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാതെ. എട്ട് തവണ നിയമസഭയിലേക്കും ഒരുതവണ ലോക്‌സഭയിലേക്കും ജയിച്ചു കയറി.

രാഷ്ട്രീയ ജീവിതം

മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠൻ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനാണ് അജിത് പവാർ. തന്റെ അമ്മാവനായ ശരദ് പവാറിന്റെ നിഴലായാണ് അജിത് പവാർ ആദ്യം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസെെറ്റി ഹെെസ്കൂളിൽ നിന്നാണ് എസ്എസ്എൽസി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1991 മുതൽ 2007 വരെ പൂനെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അജിത് പവർ രാജിവച്ചു. 1991ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010 – 2012, 2012 – 2014, 2019 – 2022, 2023 – 2024, 2024 – 2026കാലഘട്ടത്തിൽ മഹാരാഷട്രയുടെ ഉപ – മുഖ്യമന്ത്രിയായി. 2022 – 2023 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്നു.

2023 മേയിൽ എൻസിപി ദേശീയ അദ്ധ്യക്ഷസ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി. 2023 ജൂലായ് രണ്ടിനാണ് ശരദ് പവാറിനോട് കലഹിച്ച് എൻസിപി പിളർത്തി അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന – ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായത്. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് പവാർ അട്ടിമറി നീക്കം നടത്തിയത്.

2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. വിധിപ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻസിപി എന്ന പേരും ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിച്ചു. ‘ലെജിസ്ലേറ്റീവ് മെജോറിറ്റി’ കണക്കാക്കിയതിന്റെ അടിസ്ഥാനത്തിൽ അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപി എന്ന നിഗമനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുകയായിരുന്നു.


Source link

Related Articles

Back to top button