‘തീരുമാനം പെട്ടെന്ന് എടുത്തതല്ല’; വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അരിജിത് സിംഗ്

കോടിക്കണക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി ഗായകൻ അരിജിത് സിംഗ് അറിയിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗായകൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇനി സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് നാഷണൽ അവാർഡ് അടക്കം നേടി തന്റെ കരിയറിലെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗായകൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. ഇതിന്റെ ഉത്തരമായി അദ്ദേഹത്തിന്റെ എക്സ് പേജിലെ ഒരു പോസ്റ്റാണ് പലരും പങ്കുവയ്ക്കുന്നത്. അതിൽ വിരമിക്കൽ പ്രഖ്യാപനത്തിന്റെ കാരണം ഗായകൻ വ്യക്തമാക്കുന്നു.
‘വിരമിക്കലിന് പിന്നിൽ ഒരു കാരണമല്ല നിരവധി കാരണങ്ങളുണ്ട്. വളരെക്കാലമായി വിരമിക്കലിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. ഒടുവിൽ ആ തീരുമാനത്തിലെത്തി. ഒരു കാരണം വളരെ സിമ്പിളാണ്. എനിക്ക് പെട്ടെന്ന് ബോറടിക്കും. അതുകൊണ്ടാണ് ഞാൻ വേദിയിൽ പാട്ടുകളുടെ ക്രമീകരണങ്ങൾ മാറ്റി അവതരിപ്പിച്ചത്. ഇതാണ് കാര്യം, എനിക്ക് ബോറടിച്ചു’- അരിജിത് സിംഗ് കുറിച്ചു.
ഹിന്ദിയിലും ബംഗാളിയിലുമാണ് അരിജിത് കൂടുതൽ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലും പാടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്. സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
No No No Arijit ….you cannot do this …. Bro just say it’s prank 🥲… #arijitsingh #whoami pic.twitter.com/JrYB7XujHh
— VIRENDRA SHAH (@Virendr36129334) January 27, 2026



