‘അക്കാര്യത്തിൽ എനിക്ക് ഇപ്പോൾ ഭയങ്കര കുറ്റബോധം തോന്നുന്നു’; ഇനി ഒരിക്കലും ചെയ്യില്ലെന്ന് നടി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരുടെ പട്ടികയിൽ മുൻനിരയിലുണ്ടാകുന്ന നായികമാരിൽ ഒരാളാണ് നടി ഭാവന. വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമകളിലൂടെ വീണ്ടും സജീവമാകുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അനോമി’ തീയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ഭാവന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്. ഒട്ടേറെ അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ ജീവിതത്തിൽ താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുറ്റബോധം തോന്നിയ കാര്യങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് താരം.
ഭാവനയുടെ വാക്കുകളിലേക്ക്
‘എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്തപ്പോൾ, അത് സക്സസായി എന്നറിഞ്ഞപ്പോൾ ഭയങ്കര ഹാപ്പിയായിരിക്കുമല്ലോ. ‘നമ്മളി’ന് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. തിരിച്ച് കോളേജിലേക്ക് പോകാനൊന്നും കഴിഞ്ഞിട്ടില്ല. കോളേജ് ലൈഫ് ഞാൻ അനുഭവിച്ചിട്ടേ ഇല്ല. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് അറിയില്ല. നല്ലൊരു ഭാഗം എനിക്ക് മിസ്സായി. നന്നായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാൻ. ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിച്ചു തുടങ്ങിയാൽ ഞാൻ നിർത്തില്ല. ക്രിസ്പിയായിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല.
എന്റെ കയ്യിൽ ഒരുപാട് ലെതർ ബാഗുണ്ട്. ഇനി ഒരു ലെതർ ബാഗ് ഞാൻ വാങ്ങിക്കില്ല. ഞാൻ ഭയങ്കര ആനിമൽ ലവറാണ്. എനിക്ക് ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നുമുണ്ട്. ആദ്യം കാണുന്ന ഭംഗിയിൽ വാങ്ങുന്നതാണ്. ഇനി പുതുതായി ഒന്ന് വാങ്ങില്ല. അങ്ങനെ ഒരു ആനിമൽ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.
സ്‌കിൻ കെയറിനെക്കുറിച്ച് പറയുമ്പോൾ, അതൊക്കെ കുറച്ച് ജനിതകപരമായി കിട്ടിയതാണ്. അമ്മയുടെ സ്‌കിൻ അടിപൊളിയാണ്. അതുകൊണ്ട് വലിയ സ്‌കിൻ കെയറൊന്നും എനിക്ക് ചെയ്യേണ്ടി വരാറില്ല. എന്റെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാൻ സാധിക്കും. കുറേ ഫ്രൈഡ് ഫുഡ് കഴിച്ചാലും എന്റെ മുഖത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.’
Source link



