‘ഭവന സന്ദർശന പരിപാടികളിൽ ജനങ്ങളുമായി കൂടുതൽ അടുക്കാൻ സഹായിച്ചു, വ്യാജ പ്രചാരണങ്ങളെ തുറന്നു കാട്ടാനായി’: എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ വലതുപക്ഷ ശക്തികൾ നടത്തുന്ന ആസൂത്രിത പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമല വിഷയത്തിലടക്കം മുൻപുണ്ടായിരുന്ന കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞുവീണിരിക്കുകയാണെന്നും ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയുടെ ഭവന സന്ദർശന പരിപാടികളിൽ ജനങ്ങളുമായി കൂടുതൽ അടുക്കാൻ സഹായിച്ചിട്ടുണ്ട്. സർക്കാരിനെതിരായ വ്യാജ കഥകളെ തുറന്നുകാട്ടാൻ ഈ സന്ദർശനങ്ങളിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും സാധിച്ചു. പാർട്ടി ജനങ്ങളോടൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം ഈ സമ്പർക്കം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ സംബന്ധിച്ച വിവാദങ്ങൾ പച്ചക്കള്ളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പിണറായി സർക്കാരിന്റെ പദ്ധതിയാണെന്നും ന്യൂനപക്ഷങ്ങളെ പുറത്താക്കാനാണ് ഇതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വലതുപക്ഷം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ ഐക്യത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കുമെന്നും എല്ലാ കള്ളപ്രചാരണങ്ങളെയും തുറന്നുകാട്ടി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Source link



