CINEMA

‘ഉള്ളിൽ നീറുന്ന വേദനയുമായി അന്ന് അദ്ദേഹം സെറ്റിലെത്തി,​ ഷാരൂഖ് ഖാൻ എന്ന മനുഷ്യനെ അടുത്തറിഞ്ഞപ്പോൾ സംഭവിച്ചത്’

മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട സമയത്ത് ഷാരൂഖ് ഖാൻ സെറ്റിൽ പെരുമാറിയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് ‘ജവാൻ’ സിനിമയിലെ സഹതാരം ഗിരിജ ഓക്ക്. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് താരത്തെക്കുറിച്ച് നടി മനസ് തു‌റന്നത്. വ്യക്തിജീവിതത്തിൽ അത്രയും വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും സെറ്റിൽ താരത്തിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗിരിജ പറയുന്നു.

‘മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് മൂന്ന്-നാല് മാസത്തോളം ഷാരൂഖ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ജവാന്റെ ഷൂട്ടിംഗിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അന്ന് അദ്ദേഹത്തെ ആർക്കും കാണാൻ കഴിയില്ലായിരുന്നു. കേസ് ഏകദേശം അവസാനിച്ച ഘട്ടത്തിലാണ് വീണ്ടും ഷൂട്ടിനെത്തിയത്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ ജോലിയിൽ പ്രതിഫലിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പഴയതുപോലെ തന്നെ അങ്ങേയറ്റം ശാന്തനായാണ് അദ്ദേഹം സെറ്റിൽ പെരുമാറിയത്.


ചുറ്റും ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പ്രാർത്ഥിച്ചതിനെ പോലും ചിലർ മോശമായ രീതിയിൽ ചർച്ചയാക്കി. ഇത്രയധികം ആക്ഷേപങ്ങൾ കേട്ടിട്ടും അദ്ദേഹം ഒരിക്കൽ പോലും സെറ്റിൽ നിയന്ത്രണം വിട്ടു പെരുമാറിയിട്ടില്ല. ആരോടും ഒച്ച വച്ചിട്ടില്ല. ഉള്ളിൽ വലിയ വേദന അനുഭവിക്കുമ്പോഴും കൃത്യസമയത്ത് സെറ്റിലെത്തുകയും തന്റെ ഭാഗങ്ങൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.’ ഗിരിജ അഭിമുഖത്തിൽ പറഞ്ഞു.


2021 ഒക്ടോബർ മൂന്നിനാണ് മുംബയ് തീരത്തെ ആഡംബര കപ്പലിൽ നടന്ന റെയ്ഡിനെത്തുടർന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. 25 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ആര്യന് പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ 2022 മേയിൽ തെളിവുകളുടെ അഭാവത്തിൽ ആര്യനെ കേസിൽ നിന്ന് കോടതി വെറുതെ വിട്ടു.

പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു. രണ്ട് വർഷത്തോളം നീണ്ട ‘ജവാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ പല ഘട്ടങ്ങളിലായി ഷാരൂഖിനെ അടുത്തറിയാൻ സാധിച്ചെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം മാതൃകാപരമാണെന്നും ഗിരിജ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button