ഗൂഗിൾ സെർച്ചിൽ ഒന്നാമതായി ‘ഭഭബ’; വിവാദങ്ങളിലും ബഹിഷ്ക്കരണ ആഹ്വാനങ്ങളിലും പുകഞ്ഞ് ദിലീപ് ചിത്രം

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ നടൻ ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം. സാധാരണയായി സിനിമകൾ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. എന്നാൽ ആ പതിവ് തെറ്റിച്ച് വ്യാഴാഴ്ചയാണ് ‘ഭഭബ’ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ദിലീപിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ റിലീസ് ദിനം തന്നെ ഗൂഗിൾ സെർച്ചിൽ ഒന്നാമതെത്തിയിരിക്കുകയാണ് ‘ഭഭബ’.
നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ കേവലമൊരു സിനിമാ പ്രമോഷനുമപ്പുറം വലിയ പ്രതിഷേധങ്ങൾക്കും സിനിമ വഴിവച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം സിനിമ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ സജീവമാണ്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉന്നയിച്ച വിമർശനങ്ങളും ശ്രദ്ധ നേടിയിരുന്നു. കോടതി വിധി വന്ന ദിവസം തന്നെ മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചതിലെ അനൗചിത്യത്തെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തിരുന്നു. ‘സത്യം ജയിച്ചു എന്ന് പറയുന്നതിന് പകരം വിധിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടപ്പോഴും മറ്റൊരു നടിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ദിലീപ് ശ്രമിച്ചതെന്നും താരത്തിന്റെ വില്ലത്തരം അവസാനിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
കോടതി വിധിക്കു പിന്നാലെ അതിജീവിത തകർന്നുപോയെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ഭാഗ്യലക്ഷ്മി തള്ളുകയാണ് ഉണ്ടായത്. അവൾ ഒരു ഇഞ്ച് പോലും തളർന്നിട്ടില്ലെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അതിജീവിത പങ്കുവച്ച കുറിപ്പ് ഡിസംബർ എട്ട് മുതൽ തയ്യാറാക്കിയതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പി ആർ വർക്കുകൾ കൊണ്ടോ ക്വട്ടേഷൻ നൽകിയതുകൊണ്ടോ നടിയെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Source link



