CINEMA

രാഷ്‌ട്രപതിയുടെ ശബരിമല ‌ദർശനം; 20 ലക്ഷത്തിന്റെ ഹെലിപ്പാഡിൽ അന്വേഷണം, കളക്‌ടറോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി

പത്തനംതിട്ട: രാഷ്‌ട്രപതിയുടെ ശബരിമല യാത്രയ്‌ക്കായി നിർമിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കളക്‌ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി, മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നൽകിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്.

പത്തനംതിട്ട പ്രമാടത്ത് രാഷ്‌ട്രപതിയുടെ ഹെലികോപ്‌ടർ തള്ളേണ്ടി വന്നിരുന്നു. 20.7 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹെലിപ്പാഡിൽ കോ‌പ്‌ടർ താഴ്‌ന്നതോടെയാണ് പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളിനീക്കിയത്. ഒക്‌ടോബർ 22നാണ് ശബരിമല ദർശനത്തിനായി രാഷ്‌ട്രപതി പത്തനംതിട്ടയിൽ എത്തിയത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്‌ടർ ഇറക്കുന്നത് നിലയ്‌ക്കലിൽ നിന്ന് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു.

ഒക്‌ടോബർ 21ന് രാത്രിയാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്. കോൺക്രീറ്റ് കുഴച്ചിട്ടു എന്നല്ലാതെ കൃത്യമായ നിർമാണരീതി ആയിരുന്നില്ല. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിച്ചത്. പരാതിക്കാരനും പൊതുപ്രവർത്തകനുമായ റഷീദ് ആനപ്പാറ ആണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ബില്ല് പാസായിട്ടില്ല എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.


Source link

Related Articles

Back to top button