മൂന്നാം വയസിൽ കാണാതായ പെൺകുട്ടിയെ 43 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി; തട്ടിക്കൊണ്ട് വന്നത് സ്വന്തം അമ്മ

ഫ്ലോറിഡ: മൂന്ന് വയസുള്ളപ്പോൾ കാണാതായ പെൺകുട്ടിയെ 43 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി പൊലീസ്. സ്വന്തം അമ്മ തന്നെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. 1983 ലാണ് മിഷേൽ ന്യൂട്ടൺ എന്ന മൂന്ന് വയസുകാരിയെ കാണാതാകുന്നത്. ഭർത്താവിനെ ഒഴിവാക്കി പുതിയൊരു ജീവിതം തുടങ്ങുന്നതിനായാണ് മിഷേലിന്റെ അമ്മ ഡെബ്ര ന്യൂട്ടൺ സ്വന്തം മകളെ തട്ടിക്കൊണ്ടു പോയത്.
കെന്റക്കിയിൽ മിഷേലിന്റെ പിതാവ് ജോസഫ് ന്യൂട്ടണൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ജോർജിയയിലേക്ക് താമസം മാറാൻ അവർക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഒരു ദിവസം ജോലി ആവശ്യങ്ങൾക്കായി മിഷേലിനൊപ്പം ജോർജിയയിലേക്ക് തനിച്ചാണ് പോകുന്നതെന്ന് മിഷേലിന്റെ അമ്മ ജോസഫിനോട് പറഞ്ഞു. അവിടെയെത്തിയ ശേഷം മൂവർക്കും ഒന്നിച്ച് താമസിക്കാൻ ഒരു വീട് കണ്ടെത്താമെന്നും ഡെബ്ര ജോസഫിനെ വിശ്വസിപ്പിച്ചു.
ഭർത്താവുമായി കുറച്ചുകാലം അവർ ആശയവിനിമയം നടത്തിയെങ്കിലും പിന്നീടത് നിലച്ചു. ജോസഫ് ജോർജിയയിൽ എത്തിയെങ്കിലും എവിടെയും അവരെ കണ്ടെത്താനായില്ല. ജോസഫ് കേസ് കൊടുത്തതനുസരിച്ച് മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുന്ന മാതാപിതാക്കൾക്കായി എഫ്ബിഐ തയ്യാറാക്കിയ എട്ടുപേരുടെ പട്ടികയിൽ ഡെബ്രയെയും ഉൾപ്പെടുത്തി. 2005ൽ ജോസഫ് ഹാജരാകാത്തതിനാൽ കേസ് തള്ളിപ്പോയി. പിന്നീട് 2016ൽ ഇവരുടെ ഒരു കുടുംബാംഗം ഡെബ്രയ്ക്കും മിഷേലിനും വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാൻ അധികാരികളെ ബന്ധപ്പെട്ടതോടെയാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്.
പോലീസ് വീട്ടിലേക്കെത്തിയപ്പോഴാണ് മിഷേൽ ഇക്കാര്യങ്ങൾ അറിയുന്നത്. ഇന്നവർക്ക് 46 വയസുണ്ട്. ഫ്ലോറിഡയിലെ മരിയോൺ കൗണ്ടിയിൽ നിന്നും മിഷേലിന്റെ അമ്മ ഡെബ്രയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തു. അവർ പുതിയ പേര് സ്വീകരിച്ചിരുന്നു. രണ്ടാമതൊരു വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപെട്ടു. അതേസമയം, തന്റെപിതാവായ ജോസഫിനെ കണ്ടെത്തിയ മിഷേൽ അച്ഛനമ്മമാർക്കൊപ്പം പുതിയൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്.
Source link



