ഭരണം മാറിയപ്പോൾ പഞ്ചായത്ത് ഓഫീസിൽ ശുദ്ധീകരണം നടത്തി ലീഗ്, ജാതി അധിക്ഷേപമെന്ന് പ്രസിഡന്റ്

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. നടന്നിരിക്കുന്നത് ജാതി അധിക്ഷേപമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്നത്.
അടുത്തുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. ഇത്തരമൊരു നടപടി തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.
ഉത്തരേന്ത്യയിൽ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് ലീഗ് പ്രവർത്തകർ ഇവിടെ ചെയ്തത്.
യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോടുള്ള അനീതി കൂടിയാണിത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും. ഉടൻതന്നെ പൊലീസിൽ പരാതി നൽകുമെന്നും ഉണ്ണി വേങ്ങേരി അറിയിച്ചു. തെറ്റ് ചെയ്ത പ്രവർത്തകർക്കെതിരെ തിരിയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗിന്റെ ശുദ്ധീകരണ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് എൽഡിഎഫ് ഉയർത്തുന്നത്.
ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസ് ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പട്ടികജാതി ക്ഷേമസമിതിയും സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
എന്നാൽ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീറിന്റെ പ്രതികരണം. അഴിമതി ഭരണത്തിൽ നിന്നും പഞ്ചായത്തിനെ മുക്തമാക്കി എന്നതാണ് പ്രവർത്തകർ ശുദ്ധീകരണം കൊണ്ട് ഉദ്ദേശിച്ചതെന്നും വിഷയത്തിൽ ജാതിയെ കൂട്ടുപിടിക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് ഏതെങ്കിലും തരത്തിൽ മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും നസീർ പറഞ്ഞു. പച്ചവെള്ളം തളിച്ചതിനെ ചാണകവെള്ളമാക്കി പ്രചാരണം നടത്തുകയാണ്. ചങ്ങരോത്ത് പഞ്ചായത്തിൽ ദളിത് യുവതിയെ കോണി അടയാളത്തിൽ നിർത്തി വിജയിപ്പിച്ച പാർട്ടിയാണ് ലീഗ്. ലീഗ് ജാതി അധിക്ഷേപം നടത്തുന്ന പാർട്ടിയല്ലെന്നും നസീർ വ്യക്തമാക്കി.
Source link



