LIFE STYLE

ഒറ്റയടിക്ക് അഞ്ച് കിലോ കുറച്ചു; ശരീരഭാരം നിയന്ത്രിക്കാൻ കുത്തിവയ്പ്പെടുത്ത 28കാരി രക്തം ഛർദ്ദിച്ചു, ഗുരുതരാവസ്ഥയിൽ

ബീജിംഗ്: ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കുത്തിവയ്പ്പെടുത്ത യുവതി ഗുരുതരാവസ്ഥയിൽ. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ സുഷൗസിൽ നിന്നുള്ള 28കാരിയാണ് രക്തം ഛർദ്ദിച്ചത്. ഒ​റ്റയടിക്ക് 3.5 കിലോഗ്രാം ഭാരം കുറയ്ക്കുന്നതിനായി 130 യുഎസ് ഡോളർ (ഏകദേശം 12,000രൂപ) വിലമതിപ്പുള്ള കുത്തിവയ്പ്പാണ് യുവതിക്കെടുത്തത്. തന്റെ സുഹൃത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു പോസ്​റ്റിൽ നിന്നാണ് ശരീരഭാരം കുറയ്ക്കുന്നതിനായുള്ള കുത്തിവയ്പ്പുകളടങ്ങുന്ന പാക്കേജിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കിയതെന്ന് യുവതി പറയുന്നു. തുടർന്ന് മൂന്ന് ഡോസ് വാക്സിനടങ്ങുന്ന പാക്കേജിനായി 130 യുഎസ് ഡോളർ നൽകുകയായിരുന്നു.

റിപ്പോർട്ടനുസരിച്ച് യുവതിക്ക് എല്ലാ കുത്തിവയ്പ്പുകളും എടുത്തിരുന്നില്ല. ആദ്യഘട്ട മരുന്ന് സ്വീകരിച്ചപ്പോൾ തന്നെ ഗുരുതര പാർശ്വഫലങ്ങൾ അനുഭവപ്പെടുകയായിരുന്നു. നാല് ദിവസം കൊണ്ട് യുവതിക്ക് അഞ്ച് കിലോഗ്രാം ഭാരം കുറഞ്ഞു. പക്ഷെ അധികം വൈകാതെ തന്നെ രക്തം ഛർദ്ദിച്ച് തുടങ്ങുകയായിരുന്നു. ഇത് ആമാശയം ഉൾപ്പടെയുള്ള ആന്തരികാവയവങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്ന സൂചനയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും ഒരു വർഷമെങ്കിലും കഴിഞ്ഞതിനുശേഷമേ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂയെന്നും ഡോക്ടർമാർ നിർദേശിച്ചു.

അതേസമയം, ഈ വാർത്ത ചൈനയിലെ പ്രാദേശിക മാദ്ധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇത്തരം കുത്തിവയ്പ്പുകൾ ചൈനയിൽ നിയന്ത്രണാതീതമാണെന്നും ഇവയിൽ നിയമവിരുദ്ധമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സെമാഗ്ലൂ​റ്റൈഡ് അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.


Source link

Related Articles

Leave a Reply

Back to top button