LATEST

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ 115 ക്ലിപ്പുകള്‍; ‘കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല’

തിരുവനന്തപുരം: 2014 ഏപ്രില്‍ 16ന് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അനുശാന്തിക്ക് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായുള്ള അവിഹിത ബന്ധമാണ് മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റേയും മുത്തശ്ശിയുടേയും അരുംകൊലയിലേക്ക് എത്തിച്ചത്. അനുശാന്തിയുടെ മകള്‍ സ്വാസ്തിക, ഭര്‍ത്താവ് ലിജീഷിന്റെ മാതാവ് ഓമന എന്നിവരാണ് കൊല്ലപ്പെട്ടത്. ലിജീഷിനേയും കൊലപ്പെടുത്താന്‍ നിനോ മാത്യു ശ്രമിച്ചുവെങ്കിലും തലനാരിഴയ്ക്ക് അയാള്‍ രക്ഷപ്പെടുകയായിരുന്നു.

കാമുകനായ നിനോ മാത്യുവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവും കുട്ടിയും തടസ്സമാണെന്ന തോന്നലാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് എത്തിയത്. കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഭാര്യക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമുണ്ടെന്ന് ലിജീഷ് കണ്ടുപിടിച്ചത്. അനുശാന്തിയുടെ ഫോണിലേക്ക് നിനോ അയച്ച മെസേജുകള്‍ ലിജീഷ് കണ്ടതാണ് തുടക്കം. വഴിവിട്ട ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കാന്‍ അനുശാന്തി തയ്യാറായതുമില്ല.

സംഭവ ദിവസം ലിജീഷ് അച്ഛന്‍ തങ്കപ്പന് ഒപ്പം പുതിയതായി നിര്‍മിക്കുന്ന വീടിന്റെ പണിസ്ഥലത്തേക്ക് പോയി. അനുശാന്തി ഓഫീസിലേക്കും പോയിരുന്നു. 11 മണിയോടെ നിനോ മാത്യു വീട്ടിലെത്തുകയും ലീജിഷിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും ലിജീഷിനെ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടു. ലിജീഷ് എത്തുന്നതിന് മുമ്പ് തന്നെ അമ്മ ഓമനയേയും മകള്‍ സ്വാസ്തികയേയും നിനോ മാത്യു വകവരുത്തിയിരുന്നു. വീട്ടിലേക്ക് കയറിയ ലിജീഷിന് നേരെ മുളക്‌പൊടി വിതറിയ ശേഷം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കുതറിമാറിയ ലിജീഷ് രക്ഷപ്പെട്ടു.

പിന്നാലെ ഓടിയെത്തി കൊലപ്പെടുത്താന്‍ നിനോ മാത്യു ശ്രമിച്ചെങ്കിലും അത് നടന്നില്ല. എന്നാല്‍ അപ്പോഴേക്കും അക്രമിയെ ലിജീഷ് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് അനുശാന്തിയുടെ ഫോണില്‍ നിന്ന് ‘എന്തായി’ എന്ന് ചോദിച്ചുള്ള സന്ദേശം നിനോയുടെ ഫോണില്‍ എത്തിയത് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തതില്‍ അനുശാന്തിയുടെ പങ്കും തെളിയുകയായിരുന്നു.


മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് വരുത്തിത്തീര്‍ക്കാനായി ഇരുവരുടെയും ശരീരത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ നിനോ മോഷ്ടിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണത്തില്‍ നിനോയും അനുശാന്തിയും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ 115 വീഡിയോ ക്ലിപ്പുകളാണ് മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയത്. തെളിവായി വാട്‌സാപ്പ് സന്ദേശങ്ങളും കണ്ടെത്തിയിരുന്നു. ‘കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന’ ചാണക്യന്റെ വാക്യം ഉദ്ധരിച്ചാണ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്. സെഷന്‍സ് കോടതി നിനോയ്ക്ക് വിധിച്ച വധശിക്ഷ പിന്നീട് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. എന്നാല്‍ 25 വര്‍ഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 2025 ജനുവരിയില്‍ അനുശാന്തിക്കെതിരായ ഇരട്ട ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.


Source link

Related Articles

Leave a Reply

Back to top button