LATEST

500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഈടാക്കേണ്ടത് 7500 രൂപ,​ വിമാനടിക്കറ്റ് പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനുപിന്നാലെ വിമാനക്കമ്പനികൾ യാത്രാനിരക്ക് വർദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം. പുതിയ നിരക്കുകൾ ഉൾക്കൊള്ളിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് റദ്ദാക്കിയവർക്ക് നാളെ വൈകുന്നേരത്തിനുള്ളിൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

500 കിലോമീ​റ്റർ വരെയുള്ള യാത്രയ്ക്ക് പരമാവധി 7500 രൂപ വരെയും 1000 കിലോമീ​റ്റർ വരെയുള്ള യാത്രയ്ക്ക് 12000 രൂപ വരെയും 1500 കിലോമീ​റ്റർ വരെയുള്ള യാത്രയ്ക്ക് 15,000 രൂപ വരെയും 1500 കിലോമീ​റ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപ വരെയും മാത്രമേ ഈടാക്കാവൂയെന്ന് ഉത്തരവിലുണ്ട്.

ഇന്നലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനടിക്കറ്റുകളുടെ നിരക്ക് അമ്പതിനായിരത്തിന് മുകളിൽ വരെയെത്തി. ഡൽഹി- കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നു. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയിൽ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത് എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കിൽ ലയുകയാണ് യാത്രക്കാർ.

ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നിലവിൽ വന്ന ചട്ടമാണ് ക്രൂ ഡ്യൂട്ടി ടൈം. നവംബർ ഒന്നുമുതലാണ് ഇത് നടപ്പിലായത്. ചട്ടം പ്രാവർത്തികമാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്‌ചകളിലേക്കാണ് നിലവിലെ പ്രതിസന്ധി വിരൽ ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നു.

മൂന്നു ദിവസങ്ങളിലായി ഡൽഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 550 ഓളം സർവ്വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ വൈകുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.


Source link

Related Articles

Leave a Reply

Back to top button