ഇതുവരെ എത്തിയത് 615 കപ്പലുകൾ, കൈകാര്യം ചെയ്‌തത് 13.2 ലക്ഷം കണ്ടെയ്‌നറുകൾ, റെക്കാഡുകൾ തകർത്ത് വിഴിഞ്ഞം

വിഴിഞ്ഞം: സമുദ്ര ചരക്കുഗതാഗതത്തിൽ പുതിയ ചരിത്രം കുറിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം പൂർത്തിയായി. 2024 ഡിസംബർ 3നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്.
പ്രകൃതിദത്ത ആഴം,സെമി-ഓട്ടോമേഷൻ,ലോകോത്തര എൻജിനിയറിംഗ് എന്നിവ സംയോജിപ്പിച്ച് പ്രമുഖ ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളുടെ നിരയിൽ വിഴിഞ്ഞം ഇതിനോടകം ഉൾപ്പെട്ടുകഴിഞ്ഞു. വിഴിഞ്ഞത്തിന്റെ ഉയർച്ച ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ പ്രധാന നേട്ടമാകുകയും കിഴക്കുപടിഞ്ഞാറൻ വ്യാപാര റൂട്ടുകളിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്‌തു.
ഒരു ദശലക്ഷം ടി.ഇ.യു ചരക്കുനീക്കം മറികടക്കുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ തുറമുഖമായും വിഴിഞ്ഞം മാറി. അടുത്തിടെ ഇന്ത്യയുടെ അന്താരാഷ്ട്ര തുറമുഖങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവിയും ലഭിച്ചു. റോഡ് നിർമ്മാണവും ഭൂഗർഭ റെയിൽപാതയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്.
റെക്കാഡുകൾ തകർത്ത വർഷം
പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനകം ഒരു ദശലക്ഷം ടി.ഇ.യു വാർഷിക ശേഷി മറികടന്നു. 399 മീറ്റർ നീളമുള്ള 41 അൾട്രാ-ലാർജ് കണ്ടെയ്‌നർ കപ്പലുകളെത്തി ചരക്കുനീക്കം നടത്തിയ ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറി. 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റുകളുമായി 45 കപ്പലുകളും
വിഴിഞ്ഞത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന എത്തിയെന്ന നേട്ടവും സ്വന്തമാക്കി.
ഇതുവരെ 615 കപ്പലുകൾ
കൈകാര്യം ചെയ്‌തത് – 13.2 ലക്ഷം
ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്‌നറുകൾ
Source link



