റിസർവ് ബാങ്ക് പിന്തുണയിൽ തിരിച്ചു കയറി രൂപ

22 പൈസയുടെ നേട്ടത്തോടെ രൂപ@89.98
കൊച്ചി: പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ രൂപ ഇന്നലെ 22 പൈസ നേട്ടത്തോടെ 89.98ൽ അവസാനിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 90.41 വരെ എത്തിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കേന്ദ്ര ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് നേട്ടമായത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ കുതിപ്പുമാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കിയത്.
അതേസമയം ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയമാണ് വിദേശ നാണയ വിപണി കരുതലോടെ കാത്തിരിക്കുന്നത്. മുഖ്യ പലിശയായ റിപ്പോ കാൽ ശതമാനം കുറച്ചാൽ രൂപയുടെ മൂല്യയിടിവ് ശക്തമാകും.
കൺസ്യൂമർ ഉത്പന്നങ്ങളുടെ വില ഉയരും
രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതോടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, സ്വർണ, വെള്ളി ആഭംരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ വില ഉയരാൻ സാദ്ധ്യതയേറി. ഡോളർ ശക്തിയാർജിച്ചതോടെ ഇറക്കുമതി ചെലവ് കൂടുന്നതാണ് പ്രധാന വെല്ലുവിളി. നടപ്പുവർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ട്. ഇതുമൂലമുണ്ടായ അധിക ചെലവിന്റെ ബാദ്ധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതമാകുന്നു.
രൂപയ്ക്ക് വെല്ലുവിളി
1. രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കാഡ് ഉയരത്തിൽ തുടരുന്നു
2. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നു
3. ക്രൂഡോയിൽ വിലയിലെ കുതിപ്പ് ഇറക്കുമതി ചെലവ് കൂട്ടുന്നു
4. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ വൈകുന്നു
Source link



