സൂര്യകുമാര്‍ യാദവിന്റെ മുംബയെ തോല്‍പ്പിച്ച് സഞ്ജുവിന്റെ കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ജയം 15 റണ്‍സിന്

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ മുംബയ്ക്കെതിരെ ആവേശ വിജയം സ്വന്തമാക്കി കേരളം. 15 റണ്‍സിനാണ് കേരളം മുംബയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബ 19.4 ഓവറില്‍ 163 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. എന്‍ എം ഷറഫുദ്ദീന്റെ ഓള് റൗണ്ട് മികവും കെ എം ആസിഫിന്റെ ഉജ്ജ്വല ബൗളിങ്ങുമാണ് കേരളത്തിന് വിജയം ഒരുക്കിയത്. കഴിഞ്ഞ സീസണിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളം മുംബയെ തോല്പിച്ചിരുന്നു. ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസന് മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളില്‍ സഞ്ജു 46 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. രോഹന് കുന്നുമ്മല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് മധ്യനിരയില്‍ മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും ചേര്‍ന്ന 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. വിഷ്ണു വിനോദ് 40 പന്തില്‍ 43ഉം അസറുദ്ദീന് 25 പന്തുകളില്‍ 32 റണ്‍സും നേടി. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി കളം നിറഞ്ഞ ഷറഫുദ്ദീന്റെ പ്രകടനവും ശ്രദ്ധേയമായി. 15 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്ന ഷറഫുദ്ദീന്റെ ഇന്നിങ്സാണ് കേരളത്തിന്റെ സ്കോര്‍ 178ല്‍ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ മൂന്ന് റണ്‍സെടുത്ത ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. ഈ സീസണില്‍ ഇതിനകം തന്നെ രണ്ട് സെഞ്ച്വറികളുമായി മികച്ച ഫോമിലുള്ള ആയുഷിനെ ആദ്യ ഓവറില്‍ തന്നെ ഷറഫുദ്ദീന് പുറത്താക്കിയത് കേരളത്തിന് മുതല്‍ക്കൂട്ടായി. എന്നാല്‍ സര്‍ഫറാസ് ഖാനും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 പന്തുകളില്‍ 32 റണ്‍സെടുത്ത രഹാനയെ വിഘ്നേഷ് പുത്തൂര്‍ മടക്കി. 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനെ അബ്ദുള്‍ ബാസിദും പുറത്താക്കി.
സൂര്യകുമാര്‍ യാദവ് ഒരു വശത്ത് ഉറച്ച് നില്‍ക്കെ, വിജയപ്രതീക്ഷയിലായിരുന്നു അപ്പോഴും മുംബ ടീം. എന്നാല്‍ കെ എം ആസിഫ് എറിഞ്ഞ 18ആം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. മൂന്ന് വിക്കറ്റാണ് ആസിഫ് ഈ ഓവറില്‍ നേടിയത്. ഓവറിലെ ആദ്യ പന്തില്‍ സൈറാജ് പാട്ടിലിനെ മടക്കിയ ആസിഫ്, മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെയും നാലാം പന്തില്‍ ശാര്‍ദ്ദൂല്‍ താക്കൂറിനെയും പറത്താക്കി. 32 റണ്‍സായിരുന്നു സൂര്യകുമാര്‍ നേടിയത്.
ഇതോടെ നാല് വിക്കറ്റിന് 148 റണ്‍സെന്ന നിലയില്‍ നിന്നും ഏഴ് വിക്കറ്റിന് 149 റണ്‍സെന്ന നിലയിലേക്ക് മുംബയ് തകര്‍ന്നടിഞ്ഞു. അവസാന ഓവറില്‍ വീണ്ടും രണ്ട് വിക്കറ്റുകളുമായി ആസിഫ് കേരളത്തിന് വിജയം സമ്മാനിച്ചു. ഹാര്‍ദ്ദിക് തമോറെയെയും ഷംസ് മുലാനിയെയുമാണ് ആസിഫ് പുറത്താക്കിയത്. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ആസിഫ് അഞ്ച് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷ് പൂത്തൂരും കേരള ബൗളിങ് നിരയില്‍ തിളങ്ങി.
Source link



