സീനിയർ വിദ്യാർത്ഥിയുടെ മർദനത്തിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: ബികോം രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥി മർദിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനാണ് മർദനമേറ്റത്. വിദ്യാർത്ഥി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാക്കിറിന്റെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ടെന്നും ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിച്ചിരിക്കുകയാണെന്നും കുടുംബം പറയുന്നു.
കോളേജിലെ പാർക്കിംഗ് ഏരിയയിൽ വച്ച് സീനിയർ വിദ്യാർത്ഥികളും ജൂനിർ വിദ്യാർത്ഥികളും തമ്മിൽ തർക്കം നടന്നിരുന്നു. ഈ സമയം സ്‌കൂട്ടറിൽ പുസ്‌തകം വയ്‌ക്കാനായി അവിടേക്കെത്തിയ മുഹമ്മദ് ഷാക്കിറിനെ സീനിയർ വിദ്യാർത്ഥികളിലൊരാൾ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്‌തപ്പോൾ തന്നെ മർദിച്ചെന്നാണ് മുഹമ്മദ് ഷാക്കിർ പറഞ്ഞത്.
പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. എന്നാൽ ഇത്തരത്തിലൊരു പരാതി കിട്ടിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കോളേജ് സ്റ്റാഫ് കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.
Source link


