test del 2

മൊജ്തബ ഖമേനിക്ക് ‘ചെവിക്കുപിന്നിൽ ഒരു പോറൽ’ മാത്രം; ശസ്ത്രക്രിയ, കൃത്രിമ അവയവ വാദങ്ങൾ തള്ളി ഇറാൻ


ടെഹ്‌റാൻ: ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഇറാൻ. ഖമനേയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വിവരങ്ങളെ പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഇറാൻ പുറത്തുവിട്ടിട്ടുള്ളത്.മൊജ്തബ പൂർണ ആരോഗ്യവാനാണെന്നും ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്നുമാണ് ഇറാനിയൻ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്. ഖമനേയിയുടെ പരിക്കുകൾ സംബന്ധിച്ച വാർത്തകൾ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വെറും അപവാദങ്ങളാണെന്നും അധികൃതർ ആരോപിച്ചു. പിതാവിന്റെ വിയോഗത്തിന് ശേഷം പദവിയേറ്റെടുത്ത മൊജ്തബ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വലിയ തോതിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ട്. മുഖത്തിന് കാര്യമായി പൊള്ളലേറ്റ മൊജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും, കാലിന് മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞ് കൃത്രിമക്കാൽ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ അപ്പാടെ തള്ളിക്കൊണ്ടാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടുള്ളത്.’ദൈവത്തിന് നന്ദി, അദ്ദേഹം (മൊജ്തബ ഖമനേയി) സുഖമായിരിക്കുന്നു. ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണ്. ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും. അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം.’ അധികൃതരുടെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


Source link

Back to top button