test del 2
‘മെലോഡി’ എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു? ഇന്ത്യയുടെ യൂറോപ്യൻ പ്ലാനും ഇറ്റലിയും

ന്യൂഡൽഹി: മാറിക്കൊണ്ടിരിക്കുകയാണ് ആഗോള രാഷ്ട്രീയം. ഇന്ത്യയുടെ വിദേശ നയത്തിൽ അതിനനുസരിച്ചുള്ള മാറ്റവും വരുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ പഴയ സൗഹൃദങ്ങൾ മാത്രമല്ല പുതിയത് പലതും പരീക്ഷിക്കേണ്ടതിന്റെ അസാധാരണ ഘട്ടത്തിലൂടെയാണ് ഇന്ന് രാജ്യം കടന്നുപോകുന്നത്. ഈ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ, ഇന്ത്യയുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായി യൂറോപ്പ് മാറുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയുമായുള്ള ബന്ധം കേവലം ലാഭനഷ്ടങ്ങളിൽ അധിഷ്ഠിതമാകുകയും, തീരുവകളും നിയന്ത്രണങ്ങളും കൊണ്ട് ബന്ധം മോശമാകുകയും ചെയ്യുന്നു. ഇന്ത്യയുടെ വ്യാപാര പങ്കാളി ആണെങ്കിലും അമേരിക്കയെ എക്കാലവും നമ്പാനാകില്ലെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി ആണെങ്കിലും ചൈനയുമായുള്ള അതിർത്തി തർക്കം തുടരുന്നതും മികച്ച ബന്ധം നിലനിർത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. റഷ്യയുമായി പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത വിശ്വാസത്തിലധിഷ്ടിതമായ ദീർഘകാല ബന്ധത്തിൽ ഉക്രെയ്ൻ യുദ്ധം നിഴൽ വീഴ്ത്തുകയും ചെയ്തിരുക്കുന്നു. റഷ്യയുമായുള്ള ബന്ധം യുദ്ധം തുടരുന്ന കാലത്തോളം ഇന്ത്യയ്ക്ക് ബാധ്യതയായി മാറും. ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധം പശ്ചിമേഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ പ്രതിരോധത്തിലാക്കി. അതിലൂടെ ആഭ്യന്തര സാമ്പത്തിക വെല്ലുവിളികളെയും വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ യൂറോപ്പുമായി, പ്രത്യേകിച്ച് ഇറ്റലിയുമായി കൂടുതൽ അടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള ഉഷ്മളമായ വ്യക്തിബന്ധം ഈ മാറ്റത്തിന് കരുത്തേകുന്നു.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മോദി-മെലോണി ദൃശ്യങ്ങൾക്കപ്പുറം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ള തന്ത്രപരമായ അടിത്തറയിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. ഭൂതകാലത്തിലെ മുറിവുകൾ ഉണക്കിയാണ് ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ഉയരത്തിലേക്ക് എത്തിച്ചത്. ഇറ്റലിയുമായി ബന്ധപ്പെട്ടതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതിയും കടൽക്കൊല കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ഇന്ത്യ-ഇറ്റലി ബന്ധത്തിലുണ്ടാക്കിയ വിള്ളലുകൾ വളരെ വലുതായിരുന്നു. നിയമ പോരാട്ടങ്ങളും കേസുകളും അവിശ്വസാവുമെല്ലാം നിറഞ്ഞുനിന്ന വിഷയങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.ഇറ്റാലിയൻ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരത്തിലേക്ക് വന്നതോടെയാണ് ഇന്ത്യ- ഇറ്റലി ബന്ധത്തിൽ പ്രകടമായ മാറ്റമുണ്ടാകുന്നത്. ഇന്ത്യയെ ഒരു പങ്കാളി രാഷ്ട്രമായി കാണാൻ അവർ തയ്യാറായതോടെ ഇന്ത്യയും അതിനൊത്ത് ഉണർന്നു പ്രവർത്തിച്ചു. ഭൂതകാലത്തെ കരിനിഴലുകൾ മറന്ന് ബന്ധം സാധാരണ നിലയ്ക്കപ്പുറത്തേക്ക് മോദിക്കും മെലോണിക്കും ഉയർത്താനായി.2025-2029 കാലയളവിലേക്കുള്ള ‘ജോയിന്റ് സ്ട്രാറ്റജിക് പ്ലാൻ ഓഫ് ആക്ഷൻ’ (Joint Strategic Plan of Action) എന്ന പേരിൽ പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകൾക്കായി വ്യക്തമായ റോഡ്മാപ്പ് ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇറ്റലി ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. നിലവിൽ 16.77 ബില്യൺ ഡോളർ വിറ്റുവരവുള്ള ഉഭയകക്ഷി വ്യാപാരം 2029-ഓടെ 20 ബില്യൺ ആയി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഗൾഫ് രാജ്യങ്ങൾ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമായാൽ അതിന്റെ പ്രധാന കേന്ദ്രമായി ഇറ്റലി മാറും. ഇന്ത്യയെയും ഇറ്റലിയെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്ന സ്പാർക്കിൾ-എയർടെൽ ബ്ലൂ-രാമൻ സമുദ്രാന്തര കേബിൾ പദ്ധതി ഇപ്പോൾ സജീവമായിക്കഴിഞ്ഞു. ഇന്ത്യയെ ഇറ്റലിയിലെ ജെനോവ തുറമുഖവുമായി ഡിജിറ്റലായി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കേവലം ഒരു സാങ്കേതിക പദ്ധതി മാത്രമല്ല, മറിച്ച് ഇന്ത്യയുടെയും ഇറ്റലിയുടെയും സമ്പദ്വ്യവസ്ഥകളെ തത്സമയം കോർത്തിണക്കുന്ന ഒരു ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ആണിത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഈ ഡിജിറ്റൽ കണക്റ്റിവിറ്റിയെ കാണുന്നത്. വരും കാലങ്ങളിൽ ഇത്തരം കൂടുതൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയുടെ പരമാധികാരവും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമ്പോൾ, ഇറ്റലിയെ സംബന്ധിച്ച് ഇന്തോ-പസഫിക് മേഖലയിലേക്കുള്ള യൂറോപ്പിന്റെ ഡിജിറ്റൽ കവാടമായി മാറാനുള്ള അവസരമാണിത്. പ്രതിരോധ രംഗത്തും ഇരുരാജ്യങ്ങളും കൈകോർക്കുന്നു. ഏറോസ്‌പേസ്, നാവിക സേന, സൈബർ സുരക്ഷ എന്നീ മേഖലകളിലെ ഇറ്റലിയുടെ അത്യാധുനിക സാങ്കേതിക വിദ്യയും, ഇന്ത്യയുടെ വലിയ വിപണിയും ആധുനികവൽക്കരണ ലക്ഷ്യങ്ങളും തമ്മിൽ കോർത്തിണക്കുന്ന സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്നത്. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.
Source link


